മുംബൈ: ദക്ഷിണാഫ്രിക്കയ്‌‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റില്‍ പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സുനില്‍ ജോഷി അധ്യക്ഷനായ പുതിയ സെലക്ഷന്‍ കമ്മിറ്റി ടീമിനെ തെരഞ്ഞെടുക്കുന്ന ആദ്യ ടൂര്‍ണമെന്‍റാണ് പ്രോട്ടീസിന് എതിരെയുള്ളത്.

Read more: ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്ന് ഹര്‍ദ്ദിക് പാണ്ഡ്യ; ഇത്തവണ അടിച്ചത് 55 പന്തില്‍ 158 

ടൂര്‍ണമെന്‍റില്‍ തിളങ്ങിയ ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പാണ്ഡ്യക്കൊപ്പം മടങ്ങിയെത്തിയേക്കും എന്ന് സ്‌പോര്‍‌ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കിന്‍റെ പിടിയിലായിരുന്ന മൂവരും ക്രീസിലേക്ക് തിരിച്ചെത്തിയത് ഡി വൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലൂടെയാണ്. തോളിലെ പരിക്കുമൂലമാണ് ധവാന് ന്യൂസിലന്‍ഡ് പര്യടനത്തിലെ ഏകദിന-ടെസ്റ്റ് പരമ്പരകള്‍ നഷ്‌ടമായത്. അതേസമയം സ്‌പോര്‍ട്‌സ് ഹെര്‍ണിയ പിടിപെട്ടതാണ് ഭുവിക്ക് തിരിച്ചടിയായത്.  

Read more: ഐപിഎല്ലിന് മുമ്പ് വീണ്ടും പാണ്ഡ്യയുടെ വെടിക്കെട്ട്; 37 പന്തില്‍ സെഞ്ചുറി

ഡി വൈ പാട്ടീല്‍ ടി20യില്‍ ബാറ്റിംഗ് വെടിക്കെട്ട് കൊണ്ട് അമ്പരപ്പിച്ചിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ഇന്നലെ നടന്ന മത്സരത്തില്‍ 58 പന്തില്‍ 20 സിക്‌സും ആറ് ഫോറും സഹിതം 158 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മറ്റൊരു മത്സരത്തില്‍ 39 പന്തില്‍ 101 റണ്‍സും അഞ്ച് വിക്കറ്റും നേടി പാണ്ഡ്യ. 

Read more: കൊവി‍ഡ്19: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മാറ്റമില്ല; ടീം തിങ്കളാഴ്‌ചയെത്തും

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ലണ്ടനില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ഹാര്‍ദിക് പാണ്ഡ്യ അഞ്ച് മാസം കളത്തിന് പുറത്തായിരുന്നു. സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാണ്ഡ‍്യ അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്‌ടമായി.