ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയത്തോടെ ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. അവസാന ദിനം 302-8 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 342 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 160 റണ്‍സിന്‍റെ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിനെ 121-5ലേക്ക് തള്ളിയിട്ട് ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അലക്സ് ക്യാരിയും(16*), കാമറൂണ്‍ ഗ്രീനും(22*) ചേര്‍ന്ന് ഓസീസിനെ വിജയവര കടത്തി. സ്കോര്‍ ഇംഗ്ലണ്ട് 384,342, ഓസ്ട്രേലിയ 567,161/5.

ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച് ഓസീസ് ആഷസ് നിലനിര്‍ത്തിയപ്പോള്‍ നാലാം ടെസ്റ്റില്‍ ജയിച്ചത് മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത്.

Scroll to load tweet…

അവസാന ദിനം അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച ഇംഗ്ലണ്ടിന് സെഞ്ചുറിയുമായി പൊരുതി ജേക്കബ് ബെഥേലിന്‍റെ വിക്കറ്റാണ് തുടക്കത്തിലെ നഷ്ടമായത്. 142 റണ്‍സുമായി ക്രീസിലിറങ്ങിയ ബെഥേല്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 152 റണ്‍സെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ജോഷ് ടങിനെയും(6) സ്റ്റാര്‍ക്ക് മടക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിച്ചു. 18 റണ്‍സുമായി മാത്യു പോട്ട് പുറത്താകാതെ നിന്നു. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡും(29) ജേക്ക് വെതറാള്‍ഡും(34) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സെടുത്തു.

ഹെഡിനെ മടക്കിയ ജോഷ് ടങ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ജേക്ക് വെതറാള്‍ഡിനെയും(34) ടങ് തന്നെ മടക്കി. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വിരമിക്കല്‍ ടെസ്റ്റ് കളിച്ച ഉസ്മാന്‍ ഖവാജയും(6) പിന്നാലെ മടങ്ങി. സ്കോര്‍ 121ല്‍ നില്‍ക്കെ ലാബുഷെയ്ന്‍(37) കൂടി പുറത്തായതോടെ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ ഉയര്‍ന്നെങ്കിലും ഗ്രീനും ക്യാരിയും ചേര്‍ന്ന് അത് തല്ലിക്കെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക