ഇംഗ്ലണ്ട് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് നിരയില്‍ നാലു താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 65 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെയും ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 18 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്‍ഡ് നിരയില്‍ നാലു താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ടിം സീഫര്‍ട്ട്(29 പന്തില്‍ 39), മാര്‍ക് ചാപ്‌മാന്‍(24 പന്തില്‍ 28), മിച്ചല്‍ സാന്‍റ്‌നര്‍(15 പന്തില്‍ 36), ജെയിംസ് നീഷാം(13 പന്തില്‍ 17) എന്നിവരൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് 32 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ലൂക് വുഡും ബ്രെയ്ഡന്‍ കാര്‍സും ലിയാം ഡോസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 56 പന്തില്‍ 85 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 35 പന്തില്‍ 78 റണ്‍സെടുത്തു. പവര്‍ പ്ലേ തീര്‍ന്നതിന് പിന്നാലെ ക്രീസില്‍ ഒരുമിച്ച ഹാരി ബ്രൂക്ക്-ഫില്‍ സാള്‍ട്ട് സഖ്യം പതിനെട്ടാം ഓവറിലണ് വേര്‍ പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11.2 ഓവറില്‍ 129 റണ്‍സാണ് അടിച്ചെടുത്തത്. ബ്രൂക്ക് 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ സാള്‍ട്ട് 33 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്.
ജേക്കബ് ബേഥലും(12 പന്തില്‍ 24) സാം കറനും(12 പന്തില്‍ 29*) ഇംഗ്ലണ്ടിനായി ബാറ്റിംഗില്‍ തിളങ്ങി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ജയിച്ചതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച നടക്കും.


