മുംബൈ: കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് നീട്ടിവെച്ച ക്രിക്കറ്റ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രണ്ട് പരമ്പരകളില്‍ ടീമുകള്‍ ഒരേസമയം കളിക്കണമെന്ന നിര്‍ദേശം വന്നിട്ട് അധികനാളായില്ല. ടെസ്റ്റ് പരമ്പരക്കൊപ്പം തന്നെ ടി20 പരമ്പരയിലും കളിക്കുക എന്നതായിരുന്നു നിര്‍ദേശം. ടെസ്റ്റ് ടീമില്‍ കളിക്കുന്ന രണ്ടോ മൂന്നോ പേരൊഴികെ ടി20 ടീമില്‍ കളിക്കാത്തതിനാല്‍ ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം ഈ നിര്‍ദേശത്തെ ക്രിയാത്മകമായാണ് സമീപിച്ചത്.

വിരാട് കോലിയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ തന്നെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഓസീസിനെതിരെ ടി20 പരമ്പരയിലും കളിക്കുക എന്ന നിര്‍ദേശം ബിസിസിഐക്ക് മുമ്പാകെയും എത്തിയെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ടെസ്റ്റിനും ടി20ക്കും രണ്ട് ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് അഗാര്‍ക്കര്‍

ഒരുസമയം രണ്ട് പരമ്പരകളില്‍ കളിക്കേണ്ട ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രമുഖ കമന്റേററായ ഹര്‍ഷ ഭോഗ്‌ലെയും  ഇപ്പോഴിതാ രണ്ട് ടീമിനെ തെരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഒരേസമയം ടെസ്റ്റും ട്വന്റി20യും കളിക്കേണ്ടി വന്നാൽ ഭോഗ്‍ലെയുടെ അഭിപ്രായത്തിൽ ടെസ്റ്റ് ടീമിനെ വിരാട് കോലിയും ടി20 ടീമിനെ രോഹിത് ശർമയുമാണ് നയിക്കുക.

ഭോഗ്‌ലെയുടെ ടെസ്റ്റ് ടീം: മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, ആര്‍. അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ (ഇവർക്കു പുറമെ ശുഭ്മാൻ ഗിൽ, ഉമേഷ് യാദവ്, കുൽദീപ് യാദവ് എന്നിവരുടെ പേരുകള്‍ റിസര്‍വ് താരങ്ങളായി ഭോഗ്‍ലെ നിർദ്ദേശിച്ചിട്ടുണ്ട്.

ഭോഗ്‌ലെയുടം ടി 20 ടീം: രോഹിത് ശർമ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര (ഇവർക്കൊപ്പം ശിഖർ ധവാൻ, ദിനേഷ് കാർത്തിക് വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും ഭോഗ്‍ലെ റിസര്‍വ് പട്ടികയില്‍ നിർദ്ദേശിച്ചിട്ടുണ്ട്).

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽവച്ചു നടന്ന ഏകദിന ലോകകപ്പിനുശേഷം ദേശീയ ടീം ജഴ്സിയണിഞ്ഞിട്ടില്ലാത്ത മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ ഭോഗ്‌ലെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണെയും ഭോഗ്‌ലെ ടി20 ടീമിലെടുത്തിട്ടില്ല.

കളി തുടരുമോ എന്ന കാര്യത്തിൽ ധോണി മനസ്സു തുറക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് അറിയാത്തതുകൊണ്ടുമാണ് ധോണിയെ ഒഴിവാക്കുന്നതെന്ന് ഭോഗ്‍ലെ വ്യക്തമാക്കി.