എന്തുകൊണ്ടാണ് ശ്രേയസിനെ ഇതുവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന ചോദ്യമുയര്‍ന്നിരുന്നു

ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ചതിന് പിന്നാലെ ശ്രേയസ് അയ്യരിനെ ഇന്ത്യൻ ടീമിന്റെ നായകനാകണമെന്ന ആവശ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുകയാണ്. എന്തുകൊണ്ടാണ് ശ്രേയസിനെ ഇതുവരെ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്ന ചോദ്യവുമുണ്ട്. രോഹിത് ശര്‍മ ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെയാണ് ബിസിസിഐ നായകനായി പ്രഖ്യാപിച്ചത്. ഏകദിനത്തിലും ഉത്തരവാദിത്തം ഗില്ലിലേക്ക് തന്നെയെത്തുമെന്നാണ് കരുതപ്പെടുന്നത്.

ശ്രേയസ്-ഗില്‍ ആശയക്കുഴപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ഇതിഹാസ ബാറ്ററുമായ സുനില്‍ ഗവാസ്കര്‍. 

"ഒരു നായകനാകാനുള്ള മൂല്യമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിന് മുൻപ് ഗില്ലിനെ പരിശോധിക്കേണ്ടതുണ്ട്. ഗില്ലിന് അവസരം കൊടുക്കണം. നമ്മള്‍ ഇത്തരം താരതമ്യങ്ങള്‍ നടത്തുമ്പോള്‍ അത് ഗില്ലിന് അനാവശ്യ സമ്മര്‍ദം കൊടുക്കുന്നതിന് സമാനമാണ്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി അത്തരമൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ശ്രേയസ് അയ്യര്‍ ഇന്ത്യൻ ടീമില്‍ പോലുമില്ലെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഇന്ത്യയുടെ നായകനെന്ന പേരിലേക്കുള്ള സംസാരം പോലും ആവശ്യമില്ല," ഗവാസ്ക്കര്‍ സ്പോര്ട്‌സ് തക്കിനോട് പ്രതികരിക്കവെ പറഞ്ഞു.

ഇംഗ്ലണ്ട് പര്യടനത്തില്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2024 ഫ്രെബ്രുവരിയിലായിരുന്നു അവസാനമായി ശ്രേയസ് ടെസ്റ്റ് കളിച്ചത്. ശേഷം ബിസിസിഐയുടെ സെൻട്രല്‍ കരാറില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് എത്തിച്ചതിന് പുറമെ 2025 ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ ശ്രേയസായിരുന്നു ടോപ് സ്കോറര്‍. സെയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയില്‍ മുംബൈയെ വിജയത്തിലേക്ക് എത്തിക്കാനും അയ്യര്‍ക്ക് കഴിഞ്ഞിരുന്നു.

2024ല്‍ കിരീടത്തിലേക്ക് എത്തിച്ചെങ്കിലും ശ്രേയസിനെ നിലനിര്‍ത്താൻ കൊല്‍ക്കത്ത തയാറായിരുന്നില്ല. ഇതോടെയാണ് പഞ്ചാബ് 26.75 കോടി രൂപയ്ക്ക് വലം കയ്യൻ ബാറ്ററെ ടീമിലെത്തിച്ചതും നായകനാക്കിയതും. ഐപിഎല്ലിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മൂല്യമുള്ള താരമാകാനും ശ്രേയസിന് കഴിഞ്ഞു.