ഇതുവരെ ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ലെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായി അവസരം നല്‍കണമെന്ന് പത്താന്‍.

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിനെ പുറത്തിരുത്തിയപ്പോഴാണ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

ഇതുവരെ ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ലെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായി അവസരം നല്‍കണമെന്ന് പത്താന്‍ പറഞ്ഞു. അവനെപ്പോലെ 130 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനും ബാറ്റ് ചെയ്യാനും കഴിയുന്ന അധികം ഓള്‍ റൗണ്ടര്‍മാരൊന്നും രാജ്യത്തില്ല. ഇന്ന് കാണുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഉണ്ടായത്, കരിയറിന്‍റെ തുടക്കത്തില്‍ രണ്ടോ മൂന്നോ വര്‍ഷം അവന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതുകൊണ്ടാണ്. അതുകൊണ്ട് തന്നെ സെലക്ടര്‍മാരും ആരാധകരും പാണ്ഡ്യയുടെ കാര്യത്തിലെന്നപോലെ നിതീഷിന്‍റെ കാര്യത്തിലും കുറച്ചുകൂടി ക്ഷമ കാണിക്കണം.

നമ്മള്‍ ക്ഷമ കാണിച്ചില്ലെങ്കില്‍ അവന്‍റെ യഥാര്‍ത്ഥ പ്രതിഭ പുറത്തെടുക്കാനുള്ള അവസരമായിരിക്കും നഷ്ടമാകുന്നത്. ലഭിച്ച അവസരങ്ങളിലൊന്നും അവന്‍ ഇതുവരെ അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുത്തിട്ടില്ലായിരിക്കാം. മെല്‍ബണില്‍ നേടിയ ടെസ്റ്റ് സെഞ്ചുറി മാത്രമാണ് അവന്‍ ഇതുവരെ കളിച്ച മികച്ച ഇന്നിംഗ്സ്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിട്ടിയ അവസരങ്ങളിലൊന്നും അവന് മികവ് കാട്ടാനായിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അവന്‍റെ മികവുള്ള അധികം കളിക്കാരൊന്നും നമുക്ക് ഇല്ലാത്തതിനാല്‍ നിതീഷിന്‍റെ കാര്യത്തില്‍ കുറച്ചുകൂടി ക്ഷമ കാണിക്കാന്‍ നമ്മളെല്ലാവരും തയാറാവണമെന്നും പത്താന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര റിഷഭ് പന്തിനും നിര്‍ണായകമാണെന്നും പത്താന്‍ പറഞ്ഞു. ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും റിഷഭ് പന്തിന് ഏകദിന ക്രിക്കറ്റില്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി സ്ഥാനം ഉറപ്പിച്ചതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുക പന്തിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാകും. എന്നാല്‍ അവസരം നല്‍കാതെ പന്തിന് എങ്ങനെയാണ് മികവ് തെളിയിക്കാനാകുകയെന്നും പത്താന്‍ ചോദിച്ചു.

വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയെ അഞ്ച് വര്‍ഷത്തിനുശേഷം ക്വാര്‍ട്ടറിലെത്തിക്കാന്‍ പന്തിനായിരുന്നു. എന്നാല്‍ വിജയ് ഹസാരെയില്‍ ആന്ധ്രയെ നയിച്ച നിതീഷിന് ടീമിനെ ക്വാര്‍ട്ടറിലെത്തിക്കാനായിരുന്നില്ല. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമാണ് ആന്ധ്രക്ക് നേടാനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക