Asianet News MalayalamAsianet News Malayalam

ചരിത്രം കുറിച്ച് ബംഗ്ലാ കടുവകള്‍! കിവീസിനെതിരെ സ്വന്തം മണ്ണില്‍ ആദ്യ ടെസ്റ്റ് വിജയം; തകര്‍ത്തത് 150 റണ്‍സിന്

രണ്ടാം ഇന്നിംഗ്‌സില്‍ 332 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കിവീസ് 181ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ തയ്ജുലാണ് കിവീസിന്റെ അന്തകനായത്.

historic day for bangladesh after they beat new zealand test team first time in home soil
Author
First Published Dec 2, 2023, 11:01 AM IST

സിയാല്‍ഹെറ്റ്: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്രജയം. 150 റണ്‍സിന്റെ ജയമാണ് ബംഗ്ലാ കടുവകള്‍ സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെ അവരുടെ ഗ്രൗണ്ടില്‍ തോല്‍പ്പിക്കാനും ബംഗ്ലാദേശിനായിരുന്നു. സ്‌കോര്‍ ബംഗ്ലാദേശ് 310, 338 & ന്യൂസിലന്‍ഡ് 317, 181. രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് നേടിയ തയ്ജുല്‍ ഇസ്ലാമാണ് ടിം സൗത്തിയേയും സംഘത്തേയും തകര്‍ത്തത്.

രണ്ടാം ഇന്നിംഗ്‌സില്‍ 332 റണ്‍സാണ് സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കിവീസ് 181ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ തയ്ജുലാണ് കിവീസിന്റെ അന്തകനായത്. 58 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സൗത്തിയുടെ 34 റണ്‍സ് കൂടി ഇല്ലായിരുന്നെങ്കില്‍ തോല്‍വിയുടെ ഭാരം കൂടിയേനെ. ഇഷ് സോധി (22), ഡെവോണ്‍ കോണ്‍വെ (22), ഗ്ലെന്‍ ഫിലിപ്‌സ് (12), കെയ്ന്‍ വില്യംസണ്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

ടോം ലാഥം (0), ഹെന്റി നിക്കോള്‍സ് (2), ടോം ബ്ലണ്ടല്‍ (6), കെയ്ല്‍ ജെയ്മിസണ്‍ (9) എന്നിവര്‍ നിരാശപ്പെടുത്തി. അജാസ് പട്ടേല്‍ (0) പുറത്താവാതെ നിന്നു. നയീം ഹസന്‍ രണ്ട് വിക്കറ്റെടുത്തു. ഷൊറിഫുല്‍ ഇസ്ലാം, മെഹിദ് ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 310ന് പുറത്തായിരുന്നു. 86 റണ്‍സ് നേടിയ മഹ്‌മുദുല്‍ ഹസന്‍ ജോയാണ് ആതിഥേയരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് നാല് വിക്കറ്റെടുത്തിരുന്നു. 

മറുപടി ബാറ്റിംഗില്‍ കിവീസ് 317 റണ്‍സ് നേടി. 104 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണായിരുന്നു ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ (41), ഗ്ലെന്‍ ഫിലിപ്‌സ് (42) എന്നിവരും തിളങ്ങി. തയ്ജുല്‍ നാല് വിക്കറ്റ് നേടി. കിവീസിന്റെ ഏഴ് റണ്‍സ് ലീഡിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 338ന് പുറത്താവുകയായിരുന്നു. 105 റണ്‍സെടുത്ത നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന് നിര്‍ണായക ലീഡ് നല്‍കിയത്. മൊമിനുള്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (67), മെഹിദി ഹസന്‍ മിറാസ് (40) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. അജാസ് പട്ടേല്‍ നാലും ഇഷ് സോധി രണ്ടും വിക്കറ്റെടുത്തിരുന്നു. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.

റിങ്കുവിന് സ്വിച്ച് ഹിറ്റും വശമുണ്ട്! ഷോട്ട് കണ്ട് ഇരിപ്പ് ഉറപ്പിക്കാനാവാതെ സൂര്യ; ചാടിയെഴുന്നേറ്റ് കയ്യടി

Latest Videos
Follow Us:
Download App:
  • android
  • ios