വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. സ്മൃതി മന്ദാനയുടെയും (109) പ്രതിക റാവലിന്റെയും (122) സെഞ്ചുറികളുടെ മികവിൽ 48 ഓവറിൽ 329/2 എന്ന നിലയിൽ നിൽക്കെ മഴ മത്സരം തടസ്സപ്പെടുത്തി. 

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ - ന്യൂസിലന്‍ഡ് നിര്‍ണായക മത്സരത്തില്‍ രസംകൊല്ലിയായി മഴ. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഇന്ത്യ 48 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 329 റണ്‍സെടുത്തിരിക്കെയാണ് മഴയെത്തിയത്. ഇതുവരെ മത്സരം പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. ജമീമ റോഡ്രിഗസ് (51 പന്തില്‍ 69), ഹര്‍മന്‍പ്രീത് കൗര്‍ (10) എന്നിവരാണ് ക്രീസില്‍. നേരത്തെ പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസ് തിരിച്ചെത്തി. അമന്‍ജോത് കൗറാണ് വഴി മാറി കൊടുത്തത്. സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമുകളും ഇന്ന് ജയം അനിവാര്യമാണ്.

അതിശയിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ മന്ദാന - റാവല്‍ സഖ്യം ചേര്‍ത്തത് 212 റണ്‍സ്. 34-ാം ഓവറില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. മന്ദാനയെ സൂസി ബേറ്റ്‌സ് പുറത്താക്കുകയായിരുന്നു. 95 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 10 ഫോറും നേടി. തന്റെ 14-ാം സെഞ്ചുറിയാണ് മന്ദാന പൂര്‍ത്തിയാക്കിയത്. സെഞ്ചുറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാന്‍ മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്‌സിനൊപ്പമാണ് മന്ദാന ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം. 2024ല്‍ മന്ദാന നാല് സെഞ്ചുറികള്‍ നേടിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു.

തുടര്‍ന്ന് ജമീമ ക്രീസിലേക്ക്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന താരം തിരിച്ചുവരവില്‍ ഗംഭീര മറുപടി കൊടുത്തു. അപ്പുറത്ത് പ്രതിക സൂക്ഷമതയോടെ കളിച്ച് സെഞ്ചുറിയും പൂര്‍ത്തിയാക്കി. കരിയറിലെ രണ്ടാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ആദ്യത്തേതും. 43-ാം ഓവറില്‍ പ്രതിക മടങ്ങുമ്പോള്‍ 134 പന്തുകള്‍ നേരിട്ടിരുന്നു. രണ്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതാണ് 24കാരിയുടെ ഇന്നിംഗ്‌സ്. ജമീമയ്‌ക്കൊപ്പം 76 റണ്‍സ് ചേര്‍ക്കാനും പ്രതികയ്ക്ക് സാധിച്ചു. തുടര്‍ന്ന് മഴയെത്തിയതോടെ 48-ാം ഓവറില്‍ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), സ്‌നേഹ റാണ, ക്രാന്തി ഗൗദ്, ശ്രീ ചരണി, രേണുക താക്കൂര്‍.

ന്യൂസിലന്‍ഡ്: സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗേസ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.

YouTube video player