സെമിയില്‍ അവശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് പ്രധാന മത്സരം. നാളെ നടക്കുന്ന നിര്‍ണായക പോരാട്ടവും നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കവുമാണ് ഇന്ത്യയുടെ പ്രതീക്ഷ.

മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതോടെ സെമിയിലെത്താതെ പുറത്താവുന്നതിന്റെ വക്കിലാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ സ്വന്തം നാട്ടില്‍ ആദ്യ കിരീടം തേടിയിറങ്ങിയ ഇന്ത്യ. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാവുന്ന മത്സരം അവസാന 10 ഓവറില്‍ കൈവിട്ടതാണ് തിരിച്ചടിയായത്. ഇന്ത്യയെ തോല്‍പിച്ചതോടെ അഞ്ച് മത്സരങ്ങളില്‍ 9 പോയന്റുമായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും നേരത്തെ സെമിയിലെത്തിയിരുന്നു. ആറ് മത്സരം പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിന്റ്. അഞ്ച് മത്സരങ്ങളില്‍ ഓസീസിനും ഇംഗ്ലണ്ടിനും ഒമ്പത് പോയിന്റാണുള്ളത്. ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് സെമിയില്‍ അവശേഷിക്കുന്നത്.

ഇന്ത്യക്കും ന്യൂസിലന്‍ഡിനും ജീവന്‍മരണപ്പോരാട്ടം

അതിനായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് പ്രധാന മത്സരം. അഞ്ച് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു പോയന്റ് വീതമാണുള്ളത്. രണ്ട് ടീമുകള്‍ക്കും ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ വീതം. ഇതില്‍ നാളെ നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം ജയിക്കുന്നവര്‍ക്ക് വഴി കുറച്ചൂടെ എളുപ്പമാകും. 26ന് നടക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദശും ഏറ്റുമുട്ടും. അവസാന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ന്യൂസിലന്‍ഡിന്റെ എതിരാളികളെന്നതും ഇന്ത്യക്ക് ആശ്വാസകരമാണ്.

ന്യൂസിലന്‍ഡിനെതിരെ തോറ്റാലും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങുകയും ചെയ്താലും ഇന്ത്യക്ക് സെമി സാധ്യത അവശേഷിക്കുന്നുണ്ട്. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെക്കാള്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +0.526 ആണങ്കില്‍ ന്യൂസിലന്‍ഡിന്റേത് -0.245 ആണ്. നേരിയ സാധ്യത ശ്രീലങ്കയ്ക്കും അവശേഷിക്കുന്നുണ്ട്. നിലവില്‍ നാല് പോയിന്റുള്ള അവര്‍ക്ക് അവസാന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാനാല്‍ ആറ് പോയിന്റാവും. എന്നാല്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഓരോ മത്സരങ്ങളില്‍ തോല്‍ക്കണമെന്ന് മാത്രം. ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ ഇരു ടീമിനേയും മറികകടക്കാനുള്ള നെറ്റ് റണ്‍റേറ്റ് ലങ്കയ്ക്ക് ഉണ്ടായിരിക്കണം.

ബംഗ്ലാദേശും പാകിസ്ഥാനും പുറത്ത്

ഇന്നലെ ശ്രീലങ്കയോട് തോറ്റതോടെ ബംഗ്ലാദേശ് ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. നേരത്തെ പാകിസ്ഥാനും പുറത്തായിരുന്നു. ആറ് മത്സങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ബംഗ്ലാദേശിന്. അതും പാകിസ്ഥാനെതിരെ. പാകിസ്ഥാന് ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ല. നാല് മത്സരങ്ങള്‍ പരാജയപ്പെട്ടു. ഫലം ലഭിക്കാതെ പോയ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള രണ്ട് പോയിന്റ് മാത്രമാണ് പാകിസ്ഥാനുള്ളത്.

YouTube video player