Asianet News MalayalamAsianet News Malayalam

വല്ലതും നടക്കുമോയെന്ന് ചോദിച്ചവര്‍ക്ക് ചുട്ട മറുപടി കൊടുക്കണം; അതിനുള്ള വെടിമരുന്ന് ആവോളം, ലക്ഷ്യം ലോകകപ്പ്

രോഹിത് ശര്‍മയെന്ന തന്ത്രങ്ങള്‍ മെനഞ്ഞ് എതിരാളിയെ കളത്തില്‍ അമ്പരിപ്പിക്കുന്ന നായകന് കീഴില്‍ ഇന്ത്യ സ്വപ്നം കാണുന്നത് ടി20 ലോകകപ്പിലെ വിശ്വ  വിജയം തന്നെയാണ്. ഈ ടീമിനെ കൊണ്ട് എന്തെങ്കിലും സാധിക്കുമോയെന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ പലതും തെളിയിക്കാനുമുണ്ട്.

ICC T20 World Cup Cricket 2022 team india chances prediction best players
Author
First Published Oct 18, 2022, 12:39 PM IST

നീണ്ട 15 വര്‍ഷങ്ങള്‍, കടലാസിലും കളത്തിലും ലോകത്ത് ആരെയും വെല്ലുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുട്ടി ക്രിക്കറ്റിലെ ലോകകപ്പ് എന്ന സ്വപ്ന നേട്ടം അവസാനമായി സ്വന്തമാക്കിയിട്ട് അത്രയും വര്‍ഷങ്ങളായി. മഹേന്ദ്ര സിംഗ് ധോണിയെന്ന അന്നത്തെ 'കുട്ടി' നായകന് കീഴില്‍ 2007ല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലാണ് ഇന്ത്യ ആദ്യമായും അവസാനമായും വിശ്വ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് 2014ല്‍ കലാശ പോരാട്ടത്തില്‍ എത്തിയതാണ് ടീമിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, അന്ന് ശ്രീലങ്കയ്ക്ക് മുന്നില്‍ അടിപതറി.

പക്ഷേ, ഇത്തവണ രോഹിത് ശര്‍മയെന്ന തന്ത്രങ്ങള്‍ മെനഞ്ഞ് എതിരാളിയെ കളത്തില്‍ അമ്പരിപ്പിക്കുന്ന നായകന് കീഴില്‍ ഇന്ത്യ സ്വപ്നം കാണുന്നത് ടി20 ലോകകപ്പിലെ വിശ്വ  വിജയം തന്നെയാണ്. ഈ ടീമിനെ കൊണ്ട് എന്തെങ്കിലും സാധിക്കുമോയെന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ പലതും തെളിയിക്കാനുമുണ്ട്. അതിനുള്ള വെടിമരുന്ന് ആവോളം നിറച്ച് തന്നെയാണ് ടീം ഇന്ത്യ കങ്കാരുക്കളുടെ നാട്ടിലേക്ക് വണ്ടി കയറിയിരിക്കുന്നത്. 

സൂപ്പര്‍ 'സ്കൈ'

ഇതിഹാസ പട്ടികയില്‍ ഇരിപ്പിടം ഉറപ്പിച്ച കഴിഞ്ഞ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും മുകളില്‍ ഇന്ത്യന്‍ ടീം ഇന്ന് ആശ്രയിക്കുന്നത് ഒറ്റ പേരിലാണ്, സൂര്യകുമാര്‍ യാദവ്. സൂര്യ തീര്‍ക്കുന്ന വെടിക്കെട്ട് തന്നെയാണ് മധ്യനിരയില്‍ ഇന്ത്യയുടെ കരുത്ത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടി 20 ബാറ്റര്‍ ആരെന്ന ചോദ്യത്തിന് ഉത്തരവും മറ്റൊന്നല്ല.

ICC T20 World Cup Cricket 2022 team india chances prediction best players

നേരിടുന്ന ആദ്യ പന്ത് മുതല്‍ സൂര്യയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പ്രവഹിച്ച് തുടങ്ങും. ഏത് സാഹചര്യത്തില്‍ ആണെങ്കിലും സൂര്യക്ക് 'അടിയോടടി' എന്ന ഒറ്റ ശൈലിയേ ഉള്ളൂ. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി അരങ്ങേറിയ സൂര്യ 34 മത്സരങ്ങളില്‍ നിന്നുള്ള 32 ഇന്നിംഗ്സുകളില്‍ നിന്നായി ഇതിനകം 1045 റണ്‍സ് നേടിക്കഴിഞ്ഞു. 176.81 എന്ന പ്രഹര ശേഷിയുള്ള സൂര്യയില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്സുകള്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

പവര്‍ പാണ്ഡ്യ

ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടറിന് വേണ്ടിയുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിനുള്ള ഉത്തരമാവുകയാണ് ഹാര്‍ദിക പാണ്ഡ്യ. കരിയറിനെ പോലും ചോദ്യത്തില്‍ നിര്‍ത്തിയ പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ പവര്‍ ഹിറ്റിംഗ് കൊണ്ട് ബൗളര്‍മാരുടെ തലവേദനയായിരിക്കുകയാണ് താരം.

ICC T20 World Cup Cricket 2022 team india chances prediction best players

അവസാന ഓവറുകളില്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന പാണ്ഡ്യ ക്രീസിലുണ്ടെങ്കില്‍ ടീമിന് ഒന്നും ഭയപ്പെടാനില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. നാല് ഓവര്‍ എറിയുന്നതിനൊപ്പം ടി 20 സ്റ്റൈലില്‍ ബാറ്റ് ചെയ്യാനും സാധിക്കുന്ന താരം ടീം ഇന്ത്യക്ക് നല്ല ബാലന്‍സ് ആണ് നല്‍കുന്നത്.

അര്‍ഷ്‍ദീപ് സിംഗ്

സഹീര്‍ ഖാനും ആശിഷ് നെഹ്റയ്ക്കുമെല്ലാം പിന്‍ഗാമിയായി ഇന്ത്യന്‍ ഇടം കൈ പേസ് ഫാക്ടറിയില്‍ നിന്നുള്ള വജ്രായുധമാണ് അര്‍ഷ്‍ദീപ് സിംഗ്. ഒരു ഇടം കൈ പേസ് ബൗളര്‍ ടീമിന് നല്‍കുന്ന മേല്‍ക്കൈ വളരെ കൂടതലാണ്. മിച്ചല്‍ സ്റ്റാര്‍ക്കും ഷഹീന്‍ അഫ്രീദിയും ട്രെന്‍ഡ് ബോള്‍ട്ടുമെല്ലാം അതിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ലോകത്ത് തന്നെ ഒരുപക്ഷേ പാകിസ്ഥാന് ശേഷം ഏറ്റവും കൂടുതല്‍ ഇടം കൈ പേസ് ബൗളര്‍മാരെ വാര്‍ത്ത് എടുത്ത രാജ്യമാണ് ഇന്ത്യ.

ICC T20 World Cup Cricket 2022 team india chances prediction best players

എന്നാല്‍, സഹീറിനും നെഹ്റയ്ക്കും ഇര്‍ഫാനും ആര്‍ പി സിംഗിനുമെല്ലാം ശേഷം അത്രയും മികവുള്ള ഒരു താരം ഇന്ത്യക്കുണ്ടായില്ല. ആ വിടവ് നികത്താനായാല്‍ അര്‍ഷ്‍ദീപിന് വലിയ അത്ഭുതങ്ങള്‍ തന്നെ കാണിക്കാനാകും. ഭുവി - ഷമി എന്നിവര്‍ക്കൊപ്പം ഹര്‍ഷല്‍ പട്ടേലോ അര്‍ഷ്‍ദീപോ എന്ന ചോദ്യമാണ് ടീം ക്യാമ്പിലെങ്കില്‍ ബാറ്റര്‍ എന്ന പരിഗണന ഹര്‍ഷലിന് ലഭിച്ചേക്കാം. ഓസീസ് മണ്ണില്‍ മൂന്ന് പേസര്‍മാരെയാണ് ഇന്ത്യ അണിനിരത്തുന്നതെങ്കില്‍ അര്‍ഷ്‍ദീപ് തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷന്‍ എന്ന നിസംശയം പറയാന്‍ സാധിക്കും.

ഹിറ്റ്മാന്‍ - കിംഗ് 

ആഗോള ക്രിക്കറ്റില്‍ നിലവില്‍ ആഘോഷിക്കപ്പെടുന്ന രണ്ട് പേര്‍ അണിനിരക്കുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. തങ്ങളുടെ സുവര്‍ണ കാലത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും ഏത് ടീമിനും ഇപ്പോഴും ഭീഷണി തന്നെയാണ്. രോഹിത് നായകനായ ശേഷം ഇന്ത്യന്‍ ടീമിന്‍റെ ശൈലയില്‍ തന്നെ വ്യത്യാസം വന്നിട്ടുണ്ട്. ആദ്യം മുതല്‍ ആക്രമിച്ച കളിക്കുന്ന ആ ശൈലിക്ക് റിസ്ക്കുകളും ഉണ്ട്. അതിവേഗം വിക്കറ്റുകള്‍ കൊഴിഞ്ഞാല്‍ ടീമിന്‍റെ ഏക ആശ്രയം ഇപ്പോഴും വിരാട് കോലി തന്നെയാണ്. ഏകദിന ലോകകപ്പില്‍ നിര്‍ത്തിയിടത്ത് നിന്ന് ഹിറ്റ്മാന് തന്‍റെ വെടിക്കെട്ട് തുടരാനായാല്‍ ലോകകപ്പുമായി ടീമിന് തിരികെ ഇന്ത്യയിലേക്ക് പറക്കാം.

ദിനേഷ് കാര്‍ത്തിക്

കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും കരുതിയയിടത്ത് നിന്ന് ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക് എത്തിയ താരമാണ് ദിനേഷ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്‍ മുതല്‍ ഇതുവരെ കാണാത്ത ഒരു കാര്‍ത്തിക്കിനെയാണ് ലോകം കണ്ടത്. ആ മാറ്റം പരമാവധി ഉപയോഗിക്കുക ലക്ഷ്യമാണ് ടീം ഇന്ത്യക്കുള്ളത്.

ICC T20 World Cup Cricket 2022 team india chances prediction best players

ആക്രമണകാരിയെന്നതിന് ഒപ്പം തികവൊത്ത ബാറ്റര്‍ ആണെന്നുള്ളതാണ് കാര്‍ത്തിക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഒരു ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന് തിളങ്ങനാകും എന്ന് തന്നെയാണ് ടീം പ്രതീക്ഷിക്കുന്നത്. റിഷഭ് പന്തിന്‍റെ ഫോമില്ലായ്മ കൂടി പരിഗണിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ വലിയ ഉത്തരവാദിത്വങ്ങളാണ് കാര്‍ത്തിക്കിനുള്ളത്.
 

Follow Us:
Download App:
  • android
  • ios