അടുത്ത സീസൺ മുതൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകൾക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യൻഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം.
ദുബായ്: അടുത്ത സീസൺ മുതൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാറ്റം വരുത്താനൊരുങ്ങി ഐസിസി. എല്ലാ ടീമുകൾക്കും തുല്യ അവസരം കിട്ടുന്ന രീതിയിലേക്ക് ചാമ്പ്യൻഷിപ്പ് മാറ്റുകയാണ് ഐസിസിയുടെ ലക്ഷ്യം. ജൂൺ പതിനൊന്നിന് ലോർഡ്സിൽ തുടങ്ങുന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനലിന് ശേഷം ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ മുതൽ മാറ്റം വരുത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ശ്രമം.
ജൂൺ ഇരുപതിന് തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെയാണ് പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക. ഇതിന് മുമ്പ് എന്തൊക്കെ പരിഷ്കാരങ്ങൾ വേണമെന്ന് നിശ്ചയിക്കും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തലവൻ റിച്ചാർഡ് തോംപ്സനാണ് പരിഷ്കാരങ്ങൾ നിർദേശിക്കാനുള്ള ചുമതല. ഐസിസിയുടെ സ്ട്രാറ്റജിക് ഗ്രോത്ത് കമ്മിറ്റി തലവനാണ് റിച്ചാർഡ് തോംസൺ. നിർദേശങ്ങൾ ഐസിസി ചെയർമാൻ ജയ് ഷായുടെ നേതൃത്വത്തിലുള്ള സമിതി ചർച്ച ചെയ്ത് തീരുമാനത്തിലെത്തും.
നിലവിലെ ഫോർമാറ്റിൽ എല്ലാ ടീമുകൾക്കും തുല്യഅവസരം കിട്ടുന്നില്ലെന്നാണ് പ്രധാന വിമർശനം. ഇന്ത്യ, പാകിസ്ഥാൻ ടെസ്റ്റ് പരമ്പര നടക്കാത്തത് പ്രധാന പോരായ്മയായും വിലയിരുത്തുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ടീമുകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തി, പട്ടികയിൽ പിന്നിലുള്ള ടീമുകൾക്ക് കൂടുതൽ മത്സരങ്ങൾ നൽകാനാണ് ആലോചന. ഇതിനായി അഞ്ച് ദിവസത്തെ ടെസ്റ്റുകൾ നാല് ദിവസമാക്കി ചുരുക്കുകയും, ടീമുകൾക്ക് ഒരു പരമ്പര അധികമായി നൽകുകയും ചെയ്യും.
ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട്, ന്യൂസിലൻഡ് ടീമുകളുടെ ടെസ്റ്റുകൾ അഞ്ച് ദിവസമായി തുടരും. ഇതേസമയം, ടീമുകളെ രണ്ടായി തരം തിരിക്കുന്ന ആലോചനയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന്റെ മുൻനായകൻ ക്ലൈവ് ലോയ്ഡും ശ്രീലങ്കയുടെ മുൻനായകൻ അർജുന രണതുംഗയും രംഗത്തെത്തി. പ്രകടനം നോക്കിയല്ല, സാമ്പത്തികശേഷി നോക്കിയാണ് ഐസിസിയുടെ തീരുമാനങ്ങൾ വരുന്നതെന്നും പുതിയ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും ക്ലൈവ് ലോയ്ഡ് പറഞ്ഞു. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളുടെ താൽപര്യം മാത്രമാണ് ഐസിസി സംരക്ഷിക്കുന്നന്നത് എന്നായിരുന്നു രണതുംഗയുടെ വിമർശനം.
