ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടർ 19, 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് അണ്ടർ 19 മൂന്ന് പന്ത് ബാക്കിയിരിക്കെ 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

നോര്‍ത്താംപ്റ്റൺ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ക്യാപ്റ്റൻ തോമസ് റ്യൂ നേടിയ വെടിക്കെട്ട് സെഞ്ചുറി(89 പന്തില്‍ 131) യുടെയും വാലറ്റക്കാരുടെയും ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19, മൂന്ന് പന്ത് ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

തോമസ് റ്യൂവിന് പുറമെ ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫിന്‍റെ മകന്‍ റോക്കി ഫ്ലിന്‍റോഫ് 39 റണ്‍സുമായി തിളങ്ങി. നാല്‍പതാം ഓവറില്‍ സ്കോര്‍ 230ല്‍ നില്‍ക്കെ റ്യൂ പുറത്തായതോടെ ഇംഗ്ലണ്ട് അണ്ടര്‍ 254-8ലേക്ക് വീണെങ്കിലും വാലറ്റക്കാരായ അലക്സ് ഗ്രീനും(12) സെബാസ്റ്റ്യൻ മോര്‍ഗനും(20*) അലക്സ് ഫ്രഞ്ചും(3*)ചേര്‍ന്ന് ഇംഗ്ലണ്ടിലെ ലക്ഷ്യത്തിലെത്തിച്ചു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. സ്കോര്‍ ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് അണ്ടര്‍ 19, 49.3 ഓവറില്‍ 291-9.

Scroll to load tweet…

ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഡി ജെ ഡോക്കിന്‍സ്(7) രണ്ടാം ഓവറില്‍ മടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ബെന്‍ മയേസ്(27) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അംബരീഷിന്‍റെ പന്തില്‍ പുറത്തായി. പിന്നാലെ മറ്റൊരു ഓപ്പണറായ ഐസക് മൊഹമ്മദിനെയും അംബരീഷ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് അണ്ടര്‍ 19, 47-3ലേക്ക് കൂപ്പുകുത്തി. എന്നാല്‍ റോക്കി ഫ്ലിന്‍റോഫിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച തോമസ് റ്യൂ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

Scroll to load tweet…

ആദ്യ ഏകദിനത്തില്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയ മലയാളി താരം മുഹമ്മദ് ഇനാനും കാര്യമായി തിളങ്ങാനായില്ല. എട്ടോവറില്‍ 53 റണ്‍സ് വഴങ്ങിയ ഇനാന് വിക്കറ്റൊന്നും നേടാനായില്ല. തോമസ് റ്യൂവും ഫ്ലിന്‍റോഫും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ 170 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 73 പന്തില്‍ സെഞ്ചുറി തികച്ച റ്യൂ പിന്നീടും പോരാട്ടം തുടര്‍ന്നു. ഒടുവില്‍ നാല്‍പതാം ഓവറില്‍ 131 റണ്‍സുമായി റ്യൂ മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് 230 റണ്‍സിലെത്തിയിരുന്നു. 

അവസാന 10 ഓവറില്‍ 60 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റ്യൂ മടങ്ങിയതിന് പിന്നാലെ ജോസഫ് മൂര്‍സിനെ(13) യുദ്ധജിത് ഗുഹ പുറത്താക്കിയത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. റാല്‍ഫി ആല്‍ബര്‍ട്ടിനെയും(18) ജാക്ക് ഹോമിനെയും(3) കൂടി പിന്നാലെ മടക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെ 254-8ലേക്ക് തള്ളിയിട്ടെങ്കിലും സെബാസ്റ്റ്യന്‍ മോര്‍ഗനും അലക്സ് ഗ്രീനും ചേര്‍ന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് അവരെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. നിര്‍ണായക 47ാം ഓവര്‍ എറിഞ്ഞ അംബരീഷിനെതിരെ മൂന്ന് ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ട് വിജയത്തോട് അടുത്തു. 49ാം ഓവറിലെ ആദ്യ പന്തില്‍ അലക്സ് ഗ്രീനിനെ അംബരീഷ് മടക്കിയെങ്കിലും സെബാസ്റ്റ്യന്‍ മോര്‍ഗന്‍റെ പോരാട്ടം ഇംഗ്ലണ്ടിന് കരുത്തായി. അവസാന ഓവറില്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ അഞ്ച് റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഇംഗ്ലണ്ടിനായി മൂന്നാം പന്ത് ബൗണ്ടറി കടത്തിയ മോര്‍ഗന്‍ ആവേശജയം സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടര്‍ 19, 49 ഓവറില്‍ 290 റണ്‍സിന് പുറത്തായിരുന്നു. 49 റണ്‍സെടുത്ത വില്‍ഹാന്‍ മല്‍ഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രാഹുല്‍ കുമാര്‍ 47 റണ്‍സടിച്ചപ്പോള്‍ വൈഭവ് സൂര്യവന്‍ഷിയും കനിഷ്ക് ചൗഹാനും 45 റണ്‍സ് വീതമെടുത്തു. നായകന്‍ ആയുഷ് മാത്രെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി നിരാശപ്പെടുത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക