Virat Kohli’s 100th Test : ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 44-ാം ഓവറില്‍ ലങ്കന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എംബുല്‍ഡെനിയയുടെ ഗംഭീര പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു കിംഗ്‌ കോലി

മൊഹാലി: നൂറാം ടെസ്റ്റില്‍ (Virat Kohli’s 100th Test) പൊന്നിന്‍തിളക്കമുള്ള 100- മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) ബാറ്റിംഗിനിറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഇതാണ്. ഇതേ പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma). എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ കോലി 76 പന്തില്‍ 45 റണ്‍സെടുത്ത് മടങ്ങി. കോലിയുടെ പുറത്താകല്‍ വിശ്വസിക്കാന്‍ രോഹിത്തിന് പോലുമായില്ല. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 44-ാം ഓവറില്‍ ലങ്കന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എംബുല്‍ഡെനിയയുടെ ഗംഭീര പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു കിംഗ്‌ കോലി. ക്രീസില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പവലിയനിലേക്ക് കോലിയുടെ മടക്കം. അപ്രതീക്ഷിത പുറത്താകല്‍ കോലിക്കും വിശ്വസിക്കാനായില്ല എന്ന് അദേഹത്തിന്‍റെ പ്രതികരണത്തില്‍ വ്യക്തം. 59.21 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതമായിരുന്നു കോലിയുടെ 45 റണ്‍സ്. ഇതോടെ ടീം ഇന്ത്യ 170-3 എന്ന നിലയിലായി. 

Scroll to load tweet…

എന്നാല്‍ മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ വിരാട് കോലിക്കായി. മൊഹാലിയില്‍ 38 റണ്‍സെടുത്തപ്പോള്‍ ടെസ്റ്റില്‍ കോലി 8000 റണ്‍സ് പൂര്‍ത്തിയാക്കി. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷ്‌മണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. 100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ 8000 ക്ലബില്‍ ഇടംപിടിച്ച രണ്ടാമത്തെ താരണ് കോലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും 100-ാം ടെസ്റ്റിലാണ് 8000 ക്ലബില്‍ കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗിന്‍റെ നേട്ടം.

കോലിക്ക് രോഹിത്തിന്‍റെ പ്രശംസ

100-ാം ടെസ്റ്റിനിറങ്ങും മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലിയെ പ്രശംസിച്ചിരുന്നു നായകന്‍ രോഹിത് ശര്‍മ്മ. 'വിരാട് കോലിയെ സംബന്ധിച്ച് ദീര്‍ഘവും അവിസ്‌മരണീയവുമായ യാത്രയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ് കോലിക്കുള്ളത്. ടീമിനെ മുന്നോട്ടുനയിച്ച് ഒട്ടേറെ മാറ്റങ്ങള്‍ കോലി വരുത്തി. വരും വര്‍ഷങ്ങളിലും കോലിയുടെ സംഭാവനകള്‍ തുടരും. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച നിലയിലാണ് ഇന്ത്യയിപ്പോള്‍. അതിനുള്ള ക്രഡിറ്റ് വിരാട് കോലിക്കാണ്. ടെസ്റ്റ് ടീമിനായി അദേഹം ചെയ്ത സംഭാവനകള്‍ മഹത്തരമാണ്. കോലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്'- രോഹിത് ശര്‍മ്മ വ്യക്തമാക്കി. 

പ്ലേയിംഗ് ഇലവനുകള്‍

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്. 

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര. 

IND vs SL : എലൈറ്റ് പട്ടികയില്‍ വിരാട് കോലി, പിന്നാലെ പുറത്ത്; ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ തിരിച്ചടി