പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കരുണും സ്മരണും ചേര്‍ന്ന് ഇതുവരെ 273 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന് നിലയിലാണ് കര്‍ണാടക രണ്ടാം ദിനം ക്രീസിലിറങ്ങിയത്.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കാണാടക കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ കര്‍ണാടക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെന്ന നിലയിലാണ്. 186 റണ്‍സോടെ കരുണ്‍ നായരും 129 റണ്‍സുമായി സ്മരണ്‍ രവിചന്ദ്രനും ക്രീസില്‍. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കരുണും സ്മരണും ചേര്‍ന്ന് ഇതുവരെ 273 റണ്‍സടിച്ചിട്ടുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന് നിലയിലാണ് കര്‍ണാടക രണ്ടാം ദിനം ക്രീസിലിറങ്ങിയത്. രണ്ടാം ദിനം ലഞ്ചിന് മുമ്പ് കരുതലോടെ കളിച്ച കര്‍ണാടക 90 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ടോസ് നേടി ക്രീസിലിറങ്ങിയ കര്‍ണാടകക്ക് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. അഞ്ചാം ഓവറില്‍ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിനെ(5) ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ച് എം ഡി നിധീഷാണ് കര്‍ണാടകയെ തുടക്കത്തില്‍ ഞെട്ടിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണറായ കെ വി അനീഷിനെ(8) അസറുദ്ദീന്‍റെ കൈകളിലെത്തിച്ച എന്‍ പി ബേസില്‍ കര്‍ണാടകയെ 13-2ലേക്ക് തള്ളിയിട്ട് കേരളത്തിന് ആശിച്ച തുടക്കം നല്‍കി. എന്നാല്‍ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം തിരിച്ചടിച്ച കര്‍ണാടക മൂന്നാം വിക്കറ്റില്‍ 123 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി തിരിച്ചടിച്ചു. അര്‍ധസെഞ്ചുറി നേടിയ ശ്രീജിത്തിനെ ബാബാ അപരാജിത് പുറത്താക്കിയെങ്കിലും സ്മരണ്‍ രവിചന്ദ്രനൊപ്പവും 273 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തികരുണ്‍ നായർ കേരളത്തിന്‍റെ പ്രതീക്ഷ തകര്‍ത്തു.
കരുണിന്‍റെ 26-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് കേരളത്തിനെതിരെ കുറിച്ചത്. 161 പന്തില്‍ സീസണിലെ രണ്ടാം സെഞ്ചുറിയിലെത്തിയ കരുണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 10 ഫോറും രണ്ട് സിക്സും പറത്തിയാണ് കരുണ്‍ മൂന്നക്കം കടന്നത്. കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ കരുണ്‍ പുറത്താകാതെ 174 റൺസടിച്ച് തിളങ്ങിയിരുന്നു. സൗരാഷ്ട്രക്കെതിരെ ആദ്യ മത്സരത്തില്‍ കരുണ്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കായി കരുണ്‍ നേടിയ സെഞ്ചുറിയാണ് കേരളത്തിന്‍റെ കന്നി കീരീട മോഹങ്ങള്‍ തകര്‍ത്തത്.
