നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സുമായി പൊരുതി.
ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ ജയത്തിനായി പൊരുതുന്നു. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇന്ത്യ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്. ഒരു റണ്‍സ് വീതമെടുത്ത് മാനവ് സുതാറു അന്‍ഷുല്‍ കാംബോജും ക്രീസില്‍. ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെയും ആയുഷ് ബദോനിയുടെയും തനുഷ് കൊടിയാന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. 3 വിക്കറ്റ് മാത്രം ശേഷിക്കെ ജയത്തിലേക്ക് ഇന്ത്യക്കിനിയും 59 റണ്‍സ് കൂടി വേണം.
നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റണ്‍സുമായി പൊരുതി. എന്നാല്‍ ആയുഷ് ബദോനിയുമൊത്ത് അഞ്ചാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയ റിഷഭ് പന്ത് ഇന്ത്യൻ സ്കോര്‍ 172ല്‍ നില്‍ക്കെ പുറത്തായത് തിരിച്ചടിയായി. 113 പന്തില്‍ 11 ഫോറും നാലു സിക്സും പറത്തി 90 റണ്‍സെടുത്ത റിഷഭ് പന്തിനെ ടിയാന്‍ വാന്‍ വൂറന്‍ പുറത്താക്കിയതിന് പിന്നാലെ 34 റണ്‍സെടുത്ത ആയുഷ് ബദോനിയെയും വൂറന്‍ തന്നെ മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
തനുഷ് കൊടിയാന്‍ 23 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചെങ്കിലും ജയത്തിന് 60 റണ്‍സകലെ സിംപാലയുടെ പന്തില്‍ വീണു. സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ആയുഷ് മാത്രെ, രജത് പാട്ടീദാര്‍ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായിരുന്നു. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി ഇന്ത്യ എ 32-3 എന്ന സ്കോറിലേക്ക് തകര്‍ന്നെങ്കിലും രജത് പാട്ടീദാറും(28) റിഷഭ് പന്തും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു.
സായ് സുദര്‍ശന്‍(12), ആയുഷ് മാത്രെ(6), ദേവ്ദത്ത് പടിക്കല്‍(5) എന്നിവര്‍ നിരാശപ്പെടുത്തി ദക്ഷിണാഫ്രിക്ക എക്കായി ടിയാന്‍ വാന്‍ വൂറന്‍ മൂന്നും ഷെപ്പോ മൊറേക്കി രണ്ട് വിക്കറ്റുമെടുത്തു.നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എ 199 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ജോര്‍ദാന്‍ ഹെര്‍മന്‍ (12) മടങ്ങി. ഗുര്‍നൂര്‍ ബ്രാറിനായിരുന്നു വിക്കറ്റ്. ലെസേഗോ സെനൊക്വാനെയും (37) സുബൈര്‍ ഹംസയും(37) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 84 റണ്‍സിലെത്തിച്ചെങ്കിലും സെനൊക്വാനെയെ തനുഷ് കൊടിയാനും സുബൈര്‍ ഹംസയെ മാനവ് സുതാറും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക എ കൂട്ടത്തകര്‍ച്ചയിലായി.
ക്യാപ്റ്റൻ മാര്‍ക്വേസ് അക്കര്‍മാന്‍(5), റൂബിന്‍ ഹെര്‍മാന്‍(15), റിവാള്‍ഡോ മൂൺസ്വാമി(6), ടിയാന്‍ വാന്‍ വൂറന്‍(3) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 135-7ലേക്ക് കൂപ്പുകുത്തിയെങ്കിലും പ്രനെലാന്‍ സുബ്രായനും(15), ഷെപ്പോ മോറേക്കിയും(25), ലൂത്തോ സിംപാലയും(17) ചേർന്ന് ദക്ഷിണാഫ്രിക്ക എയെ 199 റണ്‍സിലെത്തിച്ചു.ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ നാലും അന്‍ഷുല്‍ കാംബോജ് മൂന്നും ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റുമെടുത്തു.


