ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 168 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 127 റൺസിന് ഓൾ ഔട്ടായി. 

ദുബായ്: ബംഗ്ലാദേശിനെ 41 റണ്‍സിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 19.3 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബാറ്റ് വീശിയ സൈഫ് ഹസന്‍ മാത്രമാണ് 69 റണ്‍സുമായി ബംഗ്ലാദേശിന് വേണ്ടി ഒറ്റക്ക് പൊരുതിയത്. സൈഫിന് പുറമെ 21 റണ്‍സെടുത്ത പര്‍വേസ് ഹസന്‍ ഇമോം ആണ് ബംഗ്ലേദേശ് നിരയില്‍ രണ്ടക്കം കടന്ന രണ്ടാമത്തെ ബാറ്റര്‍. 

ഇന്ത്യക്കായി കുല്‍ദീപ് യാദവ് 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര 18 റണ്‍സിനും വരുണ്‍ ചക്രവര്‍ത്തി 29 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വ്യാഴാഴ്ച നടക്കുന്ന ബംഗ്ലാദേശ്-പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സര വിജയികളായിരിക്കും ഞായറാഴ്ചനടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ ശ്രീലങ്ക ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 168-5, ബംഗ്ലാദേശ് 19.3 ഓവറില്‍ 127 ന് ഓള്‍ ഔട്ട്.

ഭേദപ്പെട്ട തുടക്കം പിന്നെ തകര്‍ച്ച

ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ തന്‍സിദ് ഹസന്‍ തമീമിനെ(1) നഷ്ടമായെങ്കിലും സൈഫ് ഹസനും പര്‍വേസ് ഹൊസൈനും ചേര്‍ന്ന പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ കുല്‍ദീപ് പന്തെറിയാനെത്തിയതോടെ ബംഗ്ലാദേശ് തകര്‍ച്ച തുടങ്ങി. പര്‍വേസ് ഹൊസൈനെ(19 പന്തില്‍ 21) മടക്കി കുല്‍ദീപ് ബംഗ്ലാദേശിന്‍റെ കുതിപ്പ് തടഞ്ഞപ്പോള്‍ തൗഹിദ് ഹൃദോയിയെ(7) അക്സറും ഷമീം ഹൊസൈനെ(0) വരുണ്‍ ചക്രവര്‍ത്തിയും മടക്കി.

View post on Instagram

 പിന്നാലെ ക്യാപ്റ്റന്‍ ജേക്കര്‍ അലി(4) റണ്ണൗട്ടാവുകയും മുഹമ്മദ് സൈഫുദ്ദീനെ(4) വരുണ് ചക്രവര്‍ത്തി വീഴ്ത്തുകയും ചെയ്തതോടെ 65-2ല്‍ നിന്ന് 87-5ലക്ക് കൂപ്പുകുത്തി. തന്‍റെ രണ്ടാം വരവില്‍ റിഷാദ് ഹൊസൈനെയും(2), തന്‍സിം ഹസന്‍ സാക്കിബിനെയും(0) തുടര്‍ച്ചയായ പന്തുകളില്‍ മടക്കി കുല്ഡദീപ് ഇന്ത്യൻ ജയം ഉറപ്പിച്ചു. സഞ്ജു ഉള്‍പ്പെടെ നാലു തവണ ഇന്ത്യൻ ഫീല്‍ഡര്‍മാര്‍ കൈവിട്ട സൈഫ് ഹസന്‍ ഒരറ്റത്ത് അടി തുടര്‍ന്നെങ്കിലും ഒടുവില്‍ ബുമ്രയുടെ പന്തില്‍ അക്സര്‍ കൈയിലൊതുക്കി ബംഗ്ലാദേശിന്‍റെ തോല്‍വി ഉറപ്പിച്ചു.

View post on Instagram

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തത്. 37 പന്തില്‍ 75 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ശിവം ദുബെയും നിരാശപ്പെടുത്തി. സഞ്ജു സാംസണ് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റെടുത്തു.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക