ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യയെ ആദ്യ പന്തില്‍ തന്നെ ജോഷ് ഹേസല്‍വുഡ് ഞെട്ടിച്ചു.
മെല്‍ബണ്‍: രണ്ടാം ടി20 മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ഓസീസിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 9 അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ്. 16 പന്തില്‍ 37 റണ്‍സോടെ അഭിഷേക് ശര്‍മയും നാലു റണ്ണുമായി ഹര്‍ഷിത് റാണയും ക്രീസില്‍. അഞ്ച് റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെയും രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണിന്‍റെയും ഒരു റണ്ണെടുത്ത സൂര്യകുമാര്‍ യാദവിന്‍റെയും റണ്ണൊന്നുമെടുക്കാത്ത തിലക് വര്‍മയുടെയും ഏഴ് റണ്‍സെടുത്ത അക്സര്‍ പട്ടേലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി ജോഷ് ഹേസല്‍വുഡ് മൂന്നും നഥാന്‍ എല്ലിസ് ഒരു വിക്കറ്റും വീഴ്ത്തി.
ആഞ്ഞടിച്ച് ഹേസല്‍വുഡ്
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യയെ ആദ്യ പന്തില്‍ തന്നെ ജോഷ് ഹേസല്‍വുഡ് ഞെട്ടിച്ചു. ഹേസല്‍വുഡിന്‍റെ ആദ്യ പന്തില്‍ തന്നെ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ടായതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ ഗില്ലിനെ വിറപ്പിച്ച് ഹേസല്‍വുഡിന്‍റെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ചു. ഹേസല്‍വുഡിന്‍റെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യ നേടിയത്. സേവിയര്‍ ബാര്‍ട്‌ലെറ്റിന്‍റെ രണ്ടാം ഓവറില്‍ സിക്സും ഫോറും പറത്തി അഭിഷേക് ശര്‍മ 17 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. എന്നാല്‍ മൂന്നാം ഓവറില്‍ ഗില്ലിനെ മടക്കിയ ഹേസല്‍വുഡ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഹേസല്‍വുഡിന്‍റെ പന്തുകള്‍ ഇന്ത്യയെ വിറപ്പിച്ചപ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണാണ് ഇറങ്ങിയത്.
ഹേസല്‍വുഡിന്‍റെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്ത സഞ്ജു അടുത്ത പന്തില്‍ ബീറ്റണായി. നഥാന്‍ എല്ലിസിന്‍റെ നേരിട്ട മൂന്നാം പന്തിലും ബീറ്റണായ സഞ്ജു നാലാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. പിന്നാലെ എത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറി. പിന്നാലെ എല്ലിസിനെ അഭിഷേക് ശര്‍മ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ഹേസല്‍വുഡിന്‍റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് കൈവിട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ സൂര്യയെ ഇംഗ്ലിസിന്‍റെ തന്നെ കൈകളിലെത്തിച്ച് ഹേസല്‍വുഡ് ഞെട്ടിച്ചു. ഒരു പന്തിന്‍റെ ഇടവേളയില്‍ തിലക് വര്‍മയെ(0) കൂടി മടക്കിയ ഹേസല്‍വുഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ 33-4ലേക്ക് തകര്‍ന്നടിഞ്ഞു. അക്സര്‍ പട്ടേലും അഭിഷേക് ശര്‍മയും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും പവര്‍ പ്ലേക്ക് പിന്നാലെ അക്സര്‍ അഭിഷേകുമായുള്ള ധാരണാപ്പിശകില്‍ റണ്ണൗട്ടായി. 12 പന്തില്‍ ഏഴ് റണ്‍സായിരുന്നു അക്സറിന്‍റെ സമ്പാദ്യം. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ഇന്ത്യൻ ടീമിലും മാറ്റങ്ങളൊന്നുമില്ല.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു ഷോർട്ട്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
