36 പന്തില്‍ 68 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേകിന് പുറമെ 35 റണ്‍സെടുത്ത ഹര്‍ഷിത് റാണ മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്.
മെല്‍ബണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 126 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ടായി. 36 പന്തില്‍ 68 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേകിന് പുറമെ 35 റണ്‍സെടുത്ത ഹര്‍ഷിത് റാണ മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്. 47 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇരുവരും ചേര്‍ന്നുള്ള 56 റണ്‍സ് കൂട്ടുകെട്ടാണ് 100 കടത്തിയത്. പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മ പുറത്തായതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുമ്ര റണ്ണൗട്ടായതോടെ 20 ഓവര്‍ തികയ്ക്കാതെ ഇന്ത്യ ഓള്‍ ഔട്ടായി. ഓസ്ട്രേലിയക്കായി ജോഷ് ഹോസല്‍വുഡ് നാലോവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സേവിയര്‍ ബാര്‍ട്‌ലെറ്റും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആഞ്ഞടിച്ച് ഹേസല്‍വുഡ് കൊടുങ്കാറ്റ്
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യയെ ആദ്യ പന്തില്‍ തന്നെ ജോഷ് ഹേസല്‍വുഡ് ഞെട്ടിച്ചു. ഹേസല്‍വുഡിന്‍റെ ആദ്യ പന്തില്‍ തന്നെ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ടായതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത് രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ ഗില്ലിനെ വിറപ്പിച്ച് ഹേസല്‍വുഡിന്‍റെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ചു. ഹേസല്‍വുഡിന്‍റെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യ നേടിയത്. സേവിയര്‍ ബാര്‍ട്‌ലെറ്റിന്‍റെ രണ്ടാം ഓവറില്‍ സിക്സും ഫോറും പറത്തി അഭിഷേക് ശര്‍മ 17 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി. എന്നാല്‍ മൂന്നാം ഓവറില്‍ ഗില്ലിനെ മടക്കിയ ഹേസല്‍വുഡ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഹേസല്‍വുഡിന്‍റെ പന്തുകള്‍ ഇന്ത്യയെ വിറപ്പിച്ചപ്പോള്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണാണ് ഇറങ്ങിയത്.
ഹേസല്‍വുഡിന്‍റെ ആദ്യ പന്തില്‍ രണ്ട് റണ്‍സെടുത്ത സഞ്ജു അടുത്ത പന്തില്‍ ബീറ്റണായി. നഥാന്‍ എല്ലിസിന്‍റെ നേരിട്ട മൂന്നാം പന്തിലും ബീറ്റണായ സഞ്ജു നാലാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. പിന്നാലെ എത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറി. പിന്നാലെ എല്ലിസിനെ അഭിഷേക് ശര്‍മ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഹേസല്‍വുഡിന്‍റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് കൈവിട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ സൂര്യയെ ഇംഗ്ലിസിന്‍റെ തന്നെ കൈകളിലെത്തിച്ച് ഹേസല്‍വുഡ് ഞെട്ടിച്ചു. ഒരു പന്തിന്‍റെ ഇടവേളയില്‍ തിലക് വര്‍മയെ(0) കൂടി മടക്കിയ ഹേസല്‍വുഡ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ഇന്ത്യ 33-4ലേക്ക് തകര്‍ന്നടിഞ്ഞു. അക്സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് അഭിഷേക് ശര്‍മ ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും അക്സര്‍(7) റണ്ണൗട്ടായതോടെ ഇന്ത്യ 50 കടക്കും മുമ്പെ അഞ്ച് വിക്കറ്റ് നഷ്ടമായി പതറി.
നാണക്കേടില്‍ നിന്ന് കരകയറ്റി അഭിഷേകും ഹര്‍ഷിതും
ഏഴാമനായി ശിവം ദുബെക്ക് പകരം ക്രീസിലെത്തിയ ഹര്‍ഷിത് റാണ അഭിഷേകിന് പിന്തുണ നല്‍കിയതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിന് അനക്കം വെച്ചു. പതിനഞ്ചാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ഇതിനിടെ 23 പന്തില്‍ അഭിഷേക് അര്‍ധസെഞ്ചുറി തികച്ചു. പതിനാറാം ഓവറിലെ രണ്ടാം പന്തില്‍ ഹര്‍ഷിത് റാണ(35) പുറത്തായതിന് പിന്നാലെ ഇന്ത്യ വീണ്ടും തകര്‍ന്നു. ഫിനിഷറായി എത്തിയ ശിവം ദുബെ(4) നിരാശപ്പെടുത്തിയപ്പോള്‍ ആറ് പന്ത് നേരിട്ട കുല്‍ദീപ് റണ്ണെടുക്കാതെ മടങ്ങി. വാലറ്റക്കാരെ കൂട്ടുപിടിച്ച് അഭിഷേക് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പത്തൊമ്പതാം ഓവറില്‍ അഭിഷേക് നഥാന്‍ എല്ലിസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതിന് പിന്നാലെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. ഓസ്ട്രേലിയക്കായി നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നഥാന്‍ എല്ലിസ് 3.4 ഓവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ഇന്ത്യൻ ടീമിലും മാറ്റങ്ങളൊന്നുമില്ല.


