സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ആദ്യ ഏകദിനത്തിൽ 66 റൺസിന് ജയിച്ച ഓസീസ് പരമ്പരയിൽ മുന്നിലാണ്. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയിൽ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അതേസമയം നാളെ ജയിച്ചാൽ ഓസീസിന് പരമ്പര നേടാം. ഇന്ത്യന്‍ സമയം രാവിലെ 9.10നാണ് മത്സരം തുടങ്ങുന്നത്. 

ആദ്യ ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെതിരെ വിമര്‍ശനം ശക്തമായി. രാവിലെ ഒന്‍പതിന് തുടങ്ങിയ മത്സരം വൈകീട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. 

സ്റ്റോയിനിസിന് പുറംവേദന

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് കളിച്ചേക്കില്ല. പുറംവേദന കാരണം ആദ്യ ഏകദിനത്തിൽ ബൗളിംഗ് പൂര്‍ത്തിയാക്കാതെ സ്റ്റോയിനിസ് മടങ്ങിയിരുന്നു. സ്റ്റോയിനിസിനെ ഇന്നലെ രാത്രി സ്‌കാനിംഗിന് വിധേയനാക്കി. പരിക്ക് ഗുരുതരം അല്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിൽ വിശ്രമം നൽകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യന്‍ ടീമിന് പാളിച്ചകളേറെ; തോല്‍വിയുടെ കാരണങ്ങള്‍ നിരത്തി ഹര്‍ഭജന്‍

സിഡ്നിയിലെ 6.2 ഓവറില്‍ 25 റൺസ് മാത്രം വഴങ്ങിയ സ്റ്റോയിനിസ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിൽ വിജയിച്ചിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ തിളങ്ങാനായില്ല. നാലാം നമ്പറിലെത്തിയ താരം നേരിട്ട ആദ്യ പന്തില്‍ യുസ്‌വേന്ദ്ര ചാഹലിന് വിക്കറ്റ് നല്‍കി. സ്റ്റോയിനിസ് കളിച്ചില്ലെങ്കില്‍ കാമറൂൺ ഗ്രീന്‍, മോയിസസ് ഹെന്‍‌റിക്കസ് എന്നിവരില്‍ ഒരാള്‍ ഓസീസ് ടീമിലെത്തിയേക്കും. 

രണ്ടാം ഏകദിനത്തിന് മുമ്പ് തലപുകച്ച് കോലി; വലിയ തലവേദന ഇക്കാര്യം