ഓസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 51 റൺസിൻ്റെ ആധികാരിക ജയത്തോടെ ഇന്ത്യ അണ്ടർ 19 ടീം പരമ്പര സ്വന്തമാക്കി.
ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യയുടെ അണ്ടര്‍ 19 ടീം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 51 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവന്‍ഷി, വിഹാന്‍ മല്‍ഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 49.4 ഓവറില്‍ 300 റണ്‍സെടുത്ത് ഓള്‍ ഔട്ടായപ്പോള്‍ ജെയ്ഡന് ഡ്രാപ്പര്‍ സെഞ്ചുറി നേടിയെങ്കിലും ഓസ്ട്രേലിയ അണ്ടര്‍ 19 ടീം 47.2 ഓവറില്‍ 249 റണ്‍സിന് ഓള്‍ ഔട്ടായി.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തലും ജയിച്ചതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം വെളളിയാഴ്ച നടക്കും. 301 റണ്‍സ് വിജയലക്ഷ്യം തുടര്‍ന്ന ഓസീസ് മുപ്പതാം ഓവറില്‍ 109-6 എന്ന സ്കോറിലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും ആറാമനായി ഇറങ്ങിയ 72 പന്തില്‍ 107 റണ്‍സടിച്ച ജെയ്ഡന്‍ ഹാര്‍പറും എട്ടാമനായി ഇറങ്ങി 38 റണ്‍സെടുത്ത ആര്യൻ ശര്‍മയും ചേര്‍ന്ന് 102 റണ്‍സ് കൂട്ടുകെട്ടിലൂടെ അവര്‍ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹാര്‍പ്പറെ വീഴ്ത്തി ഇന്ത്യൻ ക്യാപ്റ്റന്‍ ആയുഷ് മാത്രെ കൂട്ടുകെട്ട് പൊളിച്ചതോടെ ഓസീസ് പോരാട്ടം അധികം നീണ്ടില്ല. ഇന്ത്യക്കായി ക്യാപ്റ്റൻ ആയുഷ് മാത്രെ നാലോവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കനിഷ്ക് ചൗഹാന്‍ രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റൻ ആയുഷ് മാത്രെയെ(0) രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും വൈഭ് സൂര്യവന്‍ഷി(68 പന്തി്ല 70), വിഹാന്‍ മല്‍ഹോത്ര(74 പന്തില്‍70), അഭിഗ്യാന്‍ കുണ്ടു(64 പന്തില്‍ 71) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഓസീസിനായി വില്‍ ബ്രോം മൂന്ന് വിക്കറ്റെടുത്തു.


