നാളെയും പരാജയപ്പെട്ടാല്‍ ടെസ്റ്റ് ടീമിന് പുറമെ ഏകദിന ടീമിലെ രോഹിത്തിന്‍റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും.
കട്ടക്ക്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടക്കും. നാളെ ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, രണ്ടാം മത്സരം ജയിച്ച് പരമ്പരയില്‍ ജീവന്‍ നിലന്‍ത്തുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ബാറ്റിംഗില്‍ ഫോമിലാവേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും നിര്‍ണായകമാണ്.
നാളെയും പരാജയപ്പെട്ടാല്‍ ടെസ്റ്റ് ടീമിന് പുറമെ ഏകദിന ടീമിലെ രോഹിത്തിന്‍റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ കളിച്ച രഞ്ജി ട്രോഫിയിലും നിറം മങ്ങിയ വിരാട് കോലിക്കും തന്‍റെ ഇഷ്ട ഫോര്‍മാറ്റില്‍ ഫോം വീണ്ടെടുക്കുക എന്നത് അനിവാര്യമാണ്. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന.
രണ്ടാം ഏകദിനത്തില്‍ കോലി തിരിച്ചെത്തിയാല്‍ ആരാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ കോലിക്ക് പകരം പ്ലേയിംഗ് ഇലവനിലെത്തിയ ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതിനാല്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളാകും ടീമില്‍ നിന്ന് പുറത്താകുക എന്നാണ് കരുതുന്നത്. യശസ്വി പുറത്തായാല്‍ ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങും. വിരാട് കോലി മൂന്നാമതും ശ്രേയസ് അയ്യര്‍ നാലാമതും ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിന് അവസരം നല്‍കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
കെ എല്‍ രാഹുല്‍ തുടര്‍ന്നാല്‍ ബാറ്റിംഗ് നിരയില്‍ ആദ്യ ആറ് സ്ഥാനങ്ങളിലും ഒറ്റ ഇടംകൈയന്‍ ബാറ്റര്‍പോലും ഇന്ത്യക്കുണ്ടാകില്ലെന്നതും തലവേദനയാണ്. എന്നാല്‍ അക്സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കി ആദ്യ മത്സരത്തില്‍ ഈ പ്രശ്നം പരിഹരിച്ചതുപോലെ രണ്ടാം മത്സരത്തിലും ഇതാവര്‍ത്തിച്ചാല്‍ കെ എല്‍ രാഹുല്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ തുടരും. രാഹുലിനും ചാമ്പ്യൻസ് ട്രോഫി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. കുല്‍ദീപ് യാദവിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനിൽ പരീക്ഷക്കാനും സാധ്യതയുണ്ട്. പേസര്‍മാരായി മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും തന്നെ തുടരാനാണ് സാധ്യത.
