Asianet News MalayalamAsianet News Malayalam

ഇന്ന് നോക്കൗട്ട് പഞ്ച്; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ

ഫോമും ആതിഥേയരെന്ന ആനുകൂല്യവും നോക്കിയാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് മുന്നില്‍ എന്നും വെല്ലുവിളിയാണ് ന്യൂസിലന്‍ഡിന്‍റെ കറുത്ത കുതിരകള്‍.

India vs New Zealand World Cup Cricket Semi Final Preview
Author
First Published Nov 15, 2023, 8:28 AM IST

മുംബൈ: ഇതുവരെയുള്ള വിജയങ്ങളും തോല്‍വികളും ആരാധകര്‍ക്ക് മറക്കാം. ഇന്നാണ് യഥാര്‍ഥ പോരാട്ടം. ജയിക്കുന്നവര്‍ക്ക് കിരീടത്തിലേക്ക് പിന്നെ കൈയകലം മാത്രം. തോറ്റാല്‍ തലകുനിച്ച് മടങ്ങാം. ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം പരകോടിയിലെത്തും. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്‍മാരായ മുംബൈ വാംഖഡെയിലെ ഭാഗ്യവേദിയിലാണ് മത്സരം. ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

ഫോമും ആതിഥേയരെന്ന ആനുകൂല്യവും നോക്കിയാല്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് മുന്നില്‍ എന്നും വെല്ലുവിളിയാണ് ന്യൂസിലന്‍ഡിന്‍റെ കറുത്ത കുതിരകള്‍. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ധോണി ഓടിത്തോറ്റപ്പോള്‍ തളര്‍ന്നുവീണത് ഇന്ത്യയായിരുന്നു. ആ തോല്‍വിക്ക് പ്രതികാരം വീട്ടാനുള്ള സുവര്‍ണാവസരം കൂടിയാണ് രോഹിത്തിനും സംഘത്തിനും ഇന്ന്.

ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമി പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടോ?; സെമി മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും

ടൂര്‍ണമെന്‍റില്‍ ഇതുവരെ തൊട്ടതെല്ലാം വിജയമാക്കിയാണ് ഇന്ത്യ സെമിയിലിറങ്ങുന്നതെങ്കില്‍ നല്ല തുടക്കത്തിനുശേഷം ന്യൂസിലന്‍ഡിന് പിന്നീട് അടിതെറ്റി. എങ്കിലും നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ മികവിലേക്കുയര്‍ന്ന കിവീസ് സെമി സ്ഥാനം ഉറപ്പിച്ചു. ലീഗ് ഘടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തുന്ന ഇന്ത്യക്ക് ഇതുവരെ കാര്യമായ വെല്ലുവിളികളുയര്‍ന്നിട്ടില്ല. ആദ്യ മത്സരത്തില് ഓസ്ട്രേലിയക്കെതിരെ പതറിയതും ഇംഗ്ലണ്ടിനെതിരെ തകര്‍ന്നതും മാത്രമാണ് ഇതിനൊരു അപവാദം. എന്നാല്‍ ഈ മത്സരങ്ങളില്‍ പോലും ആധികാരികമായി ജയിച്ചു കയറാന്‍ ഇന്ത്യക്കായി.

ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവം മാത്രമാണ് ഇന്ത്യയെ അലട്ടുന്ന ഒരേയൊരു കാര്യം. ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ആറാം ബൗളറെന്ന സാധ്യത അവസാനിച്ചുവെങ്കിലും നെതര്‍ലന്‍ഡ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കോലിയും രോഹിത്തും സൂര്യകുമാറും ഗില്ലുമെല്ലാം ബൗളര്‍മാരായി ആ കുറവ് നികത്താനുള്ള ശ്രമത്തിലാണ്. അഞ്ച് ബൗളര്‍മാരുമായി മുംബൈയിലെ ചെറിയ ബൗണ്ടറികളുള്ള ബാറ്റിംഗ് വിക്കറ്റില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് പേടിക്കാനേറയുണ്ട്. ഏതെങ്കിലും ഒരു ബൗളര്‍ പ്രഹരമേറ്റുവാങ്ങിയാല്‍ പകരം ആര് പന്തെറിയുമെന്നതാണ് ഇന്ത്യയുടെ ആശങ്ക.

ലോകകപ്പ് നേടിയാല്‍ ഇന്ത്യക്ക് കിട്ടും കോടികള്‍, സെമിയിലെത്തിയവര്‍ക്കും കൈനിറയെ പണം; സമ്മാനത്തുക ഇങ്ങനെ

മറുവശത്ത് ബാറ്റിംഗില്‍ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഫോമിലാണെങ്കിലും ഡെവോണ്‍ കോണ്‍വെ തുടക്കത്തില്‍ മികവ് കാട്ടിയശേഷം നിറം മങ്ങിയതും ടോം ലാഥമിന്‍റെ മോശം ഫോമും ബൗളിംഗില്‍ ട്രെന്‍റ് ബോള്‍ട്ടും മിച്ചല്‍ സാന്‍റ്നറുമല്ലാതെ ആശ്രയിക്കാവുന്ന ആരുമില്ലെന്നതും കിവീസിനെ കുഴക്കുന്നു. ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നുറപ്പാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് പേസര്‍മാര്‍ക്ക് സ്വിംഗ് ലഭിക്കുന്ന ആദ്യ 20 ഓവറുകള്‍ അതിജീവിക്കാനായാല്‍ പിന്നീട് അടിച്ചു തകര്‍ക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios