ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കിൽ തുടക്കമാകും. 

കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കട്ടക്കില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്. 2024ലെ ടി20 ലോകകപ്പ് ഫൈനലിന് ശേഷം രണ്ട് ദിശയിലേക്ക് സഞ്ചരിച്ച ടീമുകളാണ് ഇരുവരും. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്ണിന് നാടകീയമായി തോല്‍പിച്ച് ലോകകിരീടം നേടിയ ഇന്ത്യ, ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനവുമായി മുന്നോട്ട്. ലോകകപ്പിന് ശേഷം കളിച്ച മുപ്പത് കളിയില്‍ ഇരുപത്തിയാറിലും ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്കയാവട്ടേ 25 കളിയില്‍ പതിനാറിലും തോറ്റു.

ജയിക്കാനായത് ഒന്‍പതില്‍ മാത്രം. അടുത്ത വര്‍ഷത്തെ ലോകപ്പിന് രണ്ടുമാസം മാത്രംബാക്കി നില്‍ക്കേ പഴുതുകളെല്ലാം അടയ്ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയ്ക്ക്ആവട്ടേ പരിഹരിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. പരിക്കില്‍നിന്ന് മുക്തരായ ഹാര്‍ദിക് പണ്ഡ്യയും ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണോ അതോ ജിതേഷ് ശര്‍മ്മയോ എന്നതിലാണ് ആകാംക്ഷ. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന രണ്ട് കളിയില്‍ സഞ്ജുവിന് പകരം ടീമിലെത്തിയത് ജിതേഷ് ശര്‍മ്മ.

ജസ്പ്രീത് ബുംറയുടെ വേഗ പന്തുകള്‍ക്കൊപ്പം കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ സ്പിന്‍ത്രയമാവും കളിയുടെ ഗതി നിശ്ചയിക്കുക. ഡെവാള്‍ഡ് േ്രബവിസിന്റെ ബാറ്റിലേക്കാണ് ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുന്നത്. ക്യാപ്റ്റന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, മില്ലര്‍, സ്റ്റബ്‌സ് എന്നിവരുടെ പ്രകനടവും നിര്‍ണായകമാവും. മഞ്ഞു വീഴ്ചയുള്ളതിനാല്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യത.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് നായര്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്/വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.

YouTube video player