ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം, ആരാധകര്‍ക്ക് നിരാശവാര്‍ത്ത; മത്സരത്തിന് മഴ ഭീഷണി
മത്സരം തുടങ്ങുന്ന ഉച്ചക്ക് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 50 ശതമാനമാണെന്നാണ് കാലവസ്ഥാ പ്രവവചനം.
കൊളംബോ: ഞയറാഴ്ച നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മഴ ഭീഷണി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 2.30നാണ് മത്സരം തുടങ്ങേണ്ടത്. എന്നാല്‍ ഞായറാഴ്ച കൊളോംബോയില്‍ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ മത്സരം നടക്കാനുള്ള സാധ്യത മങ്ങി.
അക്യുവെതറിന്‍റെ പ്രവചനം അനുസരിച്ച് കൊളംബോയില്‍ ഇന്ത്യൻ സമയം രാവിലെ 10 മുതല്‍ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. കൊളംബോ പ്രേമദാസാ സ്റ്റേഡിയത്തില്‍ മികച്ച ഡ്രെയിനേജ് സംവിധാനങ്ങളുള്ളതിനാല്‍ മഴ മാറിയാലുടന്‍ മത്സരം ആരംഭിക്കാനാകുമെന്നത് മാത്രമാണ് പ്രതീക്ഷ. എന്നാല്‍ ഞായറാഴ്ച മുഴുവന്‍ ഇടവിട്ട് മഴ പെയ്യുമെന്ന് പ്രവചനമുള്ളതിനാല്‍ മത്സരം നടന്നാലും ഓവറുകള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
മത്സരം തുടങ്ങുന്ന ഉച്ചക്ക് കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 50 ശതമാനമാണെന്നാണ് കാലവസ്ഥാ പ്രവവചനം.വൈകിട്ട് അഞ്ച് മണിക്ക് മഴ പെയ്യാനുള്ള സാധ്യത 34 ശതമാനമായി കുറയുമെങ്കിലും പിന്നീട് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇത് 50 ശതമാനമാകും. ഇതോടെ 50 ഓവര്‍ മത്സരത്തിനുള്ള സാധ്യത കുറയുമെന്നാണ് കരുതുന്നത്. ഓവറുകള്‍ വെട്ടിക്കുറച്ചാല്‍ പോലും മത്സരം നടത്താനാകുമോ എന്നും സംശയമാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ ജയത്തിനരികെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് മത്സരം ടൈയില്‍ അവസാനിപ്പിച്ചിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും തുടര്‍ച്ചയായ പന്തുകളില്‍ ശിവം ദുബെയും അര്‍ഷ്ദിപ് സിംഗും വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെയാണ് മത്സരം ടൈ ആയത്. രണ്ടാം ഏകദിനം ജയിച്ച് പരമ്പരയില്‍ ലീഡെടുക്കാമെന്ന ഇന്ത്യൻ മോഹങ്ങള്‍ക്കാണ് മഴ തിരിച്ചടിയാകുക. മൂന്ന് മത്സരങ്ങളാണ പരമ്പരയിലുള്ളത്. മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇതേവേദിയില്‍ ബുധനാഴ്ച നടക്കും. നേരത്തെ ടി20 പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു.
ഓപ്പണറായി ഇറങ്ങി 30 പന്തില്‍ 69 റണ്‍സടിച്ച് അശ്വിന്‍റെ വെടിക്കെട്ട്, ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് ഫൈനലില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക