മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രമെറിഞ്ഞ അര്‍ഷ്‌ദീപ് സിംഗ് 37 റണ്‍സ് വിട്ടുകൊടുത്തിരുന്നു

പൂനെ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിനെ പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരത്തില്‍ അഞ്ച് നോബോളുകള്‍ എറിഞ്ഞ അര്‍ഷ് വ്യാപകമായ വിമര്‍ശനം മുന്‍ താരങ്ങളില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളിലും നേരിടുകയാണ്. ഇതിനിടെയാണ് താരത്തെ പിന്തുണച്ച് ദ്രാവിഡ് എത്തിയത്. യുവതാരങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്ന പതിവ് ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ വന്‍മതില്‍.

'ഏറെ യുവതാരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ഏറെ യുവതാരങ്ങള്‍ ഈ ടീമില്‍ കളിക്കുന്നുണ്ട്, പ്രത്യേകിച്ച് ബൗളിംഗ് വിഭാഗത്തില്‍. അവര്‍ യുവതാരങ്ങളാണ്. ഇത്തരം മോശം മത്സരങ്ങളുണ്ടാകും. അവരോട് ക്ഷമ കാണിക്കുകയാണ് വേണ്ടത്. ഇത്തരം മോശം മത്സരങ്ങള്‍ സംഭവിക്കുമെന്ന യാഥാര്‍ഥ്യം മനസിലാക്കുകയാണ് വേണ്ടത്' എന്നും രാഹുല്‍ ദ്രാവിഡ് പൂനെയിലെ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഐപിഎല്ലിലും ഇന്ത്യന്‍ ജേഴ്‌സിയിലും ഡെത്ത് ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരം പരിക്കിന് ശേഷമുള്ള തിരിച്ചുവരവിലാണ് മോശം പ്രകടനം കാഴ്‌ചവെച്ചത്. 

മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രമെറിഞ്ഞ അര്‍ഷ്‌ദീപ് സിംഗ് 37 റണ്‍സ് വിട്ടുകൊടുത്തിരുന്നു. തന്‍റെ ആദ്യ ഓവറില്‍ ഹാട്രിക് നോബോളുകള്‍ എറിഞ്ഞു. മൂന്ന് പന്തിലും ക്രീസ് കടന്നുപോയി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഈ ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്‌തു. അടുത്ത ഓവറില്‍ രണ്ട് നോബോളുകളും അര്‍ഷിന്‍റെ ഭാഗത്തുനിന്നുണ്ടായി. 

പൂനെ ട്വന്‍റി 20യില്‍ ഇന്ത്യ 16 റൺസിന്‍റെ തോൽവി നേരിട്ടിരുന്നു. ലങ്കയുടെ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സറും സഹിതം പുറത്താകാതെ 56 റണ്‍സെടുത്ത അര്‍ഷ് അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും നേടി.

വിമര്‍ശകരെ ശാന്തരാകുവിന്‍; അര്‍ഷ്‌ദീപിന് പിന്തുണയുമായി ഡികെ