ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന മത്സരത്തിൽ 167 റൺസിന്റെ കൂറ്റൻ ജയം നേടിയ ഇന്ത്യ, വേദാന്ത് ത്രിവേദിയുടെയും രാഹുൽ കുമാറിന്റെയും അർധസെഞ്ചുറികളുടെ മികവിൽ 280 റൺസെടുത്തു.

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ അണ്ടര്‍ 19 ടീം തൂത്തുവാരി. അവസാന മത്സരത്തില്‍ 167 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് നേടിയത്. 92 പന്തില്‍ 86 റണ്‍സ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രാഹുല്‍ കുമാര്‍ (62) അര്‍ധ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 28.3 ഓവറില്‍ 113ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഖിലാന്‍ പട്ടേല്‍, മൂന്ന് പേരെ പുറത്താക്കിയ ഉദ്ദവ് മോഹന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്.

32 റണ്‍സ് നേടിയ അലക്‌സ് ടര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ടോം ഹോഗന്‍ (28), വില്‍ മലജ്‌സുക് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അലക്‌സ് ലീ യംഗ് (4), സ്റ്റീവന്‍ ഹോഗന്‍ (9), ജെയ്ഡന്‍ ഡ്രാപര്‍ (4), ആര്യന്‍ ശര്‍മ (3), ബെന്‍ ഗോര്‍ഡന്‍ (0), വില്‍ ബൈറോം (0), ചാര്‍ളസ് ലച്മുണ്ട് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കാസി ബാര്‍ട്ടണ്‍ (4) പുറത്താവാതെ നിന്നു. ഉദ്ദവ്, ഖിലന്‍ എന്നിവര്‍ക്ക് പുറമെ കനിഷ്‌ക് ചൗഹാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയപ്പോഴെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയെ നഷ്ടമായി. നാലു റണ്‍സ് മാത്രമെടുത്ത മാത്രെയെ ബെന്‍ ഗോര്‍ഡണാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റില്‍ വൈഭവും വിഹാന്‍ മല്‍ഹോത്രയും പ്രതീക്ഷ നല്‍കിയെങ്കിലും രണ്ട് സിക്‌സ് അടക്കം 20 പന്തില്‍ 16 റണ്‍സടിച്ച വൈഭവ് ഏഴാം ഓവറില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട് വിഹാന്‍ മല്‍ഹോത്ര-വേദാന്ത് ത്രിവേദി സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്.

വിഹാന്‍ മല്‍ഹോത്ര പുറത്തായശേഷം നാലാം വിക്കറ്റില്‍ രാഹുല്‍ കുമാറുമൊത്ത് 99 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേദാന്ത് പുറത്തായത്. 8 ബൗണ്ടറികള്‍ അടക്കം 92 പന്തില്‍ 86 റണ്‍സായിരുന്നു വേദാന്തിന്റെ സംഭാവന. വിക്കറ്റ് കീപ്പര്‍ ഹര്‍വന്‍ഷ് പംഗാലിയയെ(23) കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന രാഹുല്‍ കുമാര്‍ ഇന്ത്യയെ 250ന് അടുത്തെത്തിച്ചശേഷമാണ് പുറത്തായത്. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനായി വില്‍ ബൈറോമും കേസി ബാര്‍ട്ടണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player

YouTube video player