ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കും. 

ധരംശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യ പന്തെടുക്കും. ധരംശാലയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. ഹര്‍ഷിത് റാണ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല. ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റം വരുത്തി. ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ലുതോ സിംപാല എന്നിവര്‍ പുറത്തായി. കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡിവാള്‍ഡ് ബ്രേവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡോണോവന്‍ ഫെരേര, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ആന്റിച്ച് നോര്‍ജെ, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

പരമ്പര നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ ദിവസം മുല്ലാന്‍പൂരില്‍ കിട്ടിയത് ശക്തമായ മുന്നറിയിപ്പ്. ഈവര്‍ഷം ആദ്യമായി സൂര്യകുമാര്‍ യാദവ് ടോസ് നേടിയ മത്സരത്തില്‍ ഇന്ത്യ നേരിട്ടത് 51 റണ്‍സ് തോല്‍വി. പരമ്പരയില്‍ മുന്നില്‍ എത്താന്‍ ഇറങ്ങുമ്പോല്‍ പ്രധാന ആശങ്ക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും റണ്‍ വരള്‍ച്ച.

YouTube video player