മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ, സഞ്ജു സാംസണെ ഓപ്പണിംഗിൽ നിന്ന് മാറ്റി ശുഭ്മൻ ഗില്ലിനെ കളിപ്പിക്കുന്ന ടീം മാനേജ്മെന്റ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു.
ബെംഗളൂരു: ട്വന്റി 20യില്‍ ഇന്ത്യന്‍ ടീമിന്റെ സന്തുലിതാവസ്ഥ തകര്‍ത്തത് ടീം മാനേജ്‌മെന്റാണെന്ന് മുന്‍താരം റോബിന്‍ ഉത്തപ്പ. സഞ്ജു സാംസണെ ഓപ്പണിംഗില്‍ നിന്ന് മാറ്റിയ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉത്തപ്പ പറഞ്ഞു. ഓപ്പണറായി മൂന്ന് സെഞ്ച്വറി. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചെന്ന് സഞ്ജു സാംസണും ആരാധകരും ഉറച്ച് വിശ്വസിച്ചിരിക്കേയാണ് സെലക്ടര്‍മാര്‍ ശുഭ്മന്‍ ഗില്ലിനെ തിരികെ വിളിക്കുന്നത്. ഇതോടെ സഞ്ജുവിന് ആദ്യം ഓപ്പണറുടെ റോള്‍ നഷ്ടമായി, പിന്നാലെ പ്ലേയിംഗ് ഇലവനിലെ സ്ഥാനവും.
ഗില്‍ റണ്‍ കണ്ടെത്താന്‍ പാടുപെടുമ്പോള്‍ ഓപ്പണറായി മികവ് തെളിച്ച സഞ്ജു പുറത്തിരിക്കുന്നു. സഞ്ജുവിനെ തഴഞ്ഞുള്ള അനാവശ്യ പരീക്ഷണമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ വ്യക്തമാക്കി. സ്വന്തം ശൈലിവിട്ട് അഭിഷേക് ശര്‍മ്മയെ പോലെ വേഗത്തില്‍ റണ്‍സ്‌നേടാന്‍ ശ്രമിക്കുന്നതാണ് ഗില്ലിന്റെ മോശം പ്രടനത്തിന് കാരണമെന്നും മുന്‍താരം. സഞ്ജുവിനെ ഉള്‍പ്പെടുത്തി തന്റെ പ്ലേയിംഗ് ഇലവനെയും നിര്‍ദേശിക്കുന്നു ഉത്തപ്പ.
നേരത്തെ മുഹമ്മദ് കൈഫ്, സഞ്ജുവിന് വേണ്ടി രംഗത്ത് വന്നിരുന്നു. ''സഞ്ജു സാംസണ്‍ ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിന് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. വൈസ് ക്യാപ്റ്റന്‍മാരെ നേരത്തേയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഗില്ലിന് ഇടവേള നല്‍കി പകരം മറ്റൊരാളെ കൊണ്ടു വരണം. ഇരട്ടത്താപ്പുകള്‍ പാടില്ല.'' കൈഫ് പഞ്ഞു.
ഗില്ലിനെതിരേയും താരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ''ഗില്‍ പുറത്താക്കപ്പെടുന്ന രീതികള്‍ നോക്കൂ. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രണ്ടാം ടി20യില്‍ അദ്ദേഹം പുറത്തായത്. ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോള്‍ അദ്ദേഹത്തിന് ടൈമിംഗ് തെറ്റുന്നുണ്ട്. അഭിഷേക് ശര്‍മയെ അനുകരിച്ച് ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകുന്നത്. ബാറ്റിങ്ങില്‍ അവന്‍ എല്ലാം ശ്രമിക്കുന്നുണ്ട്. ഗില്ലിന് വിശ്രമം നല്‍കി, കഴിവ് തെളിയിച്ചിട്ടുള്ള മറ്റു കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്ന് എനിക്ക് തോന്നുന്നു.'' കൈഫ് കൂട്ടിചേര്‍ത്തു.



