വിശാഖപട്ടണത്ത് നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ബൗളിംഗ് തിരഞ്ഞെടുത്തു. 

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്. വിശാഖപട്ടണത്ത് ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം തിലക് വര്‍മ ടീമിലെത്തി. ദക്ഷിണാഫ്രിക്ക രണ്ട് മാറ്റം വരുത്തി. റ്യാന്‍ റിക്കിള്‍ട്ടണ്‍, ഒട്‌നീല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ ടീമിലെത്തി. ടോണി ഡി സോര്‍സി, നന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പരിക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഒരാഴ്ച്ച വിശ്രം വേണ്ടിവരുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവൂമ ടോസിനിടെ വ്യക്തമാക്കി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ടെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, ഐഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.

ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍ / ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ.

ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയ ഇന്ത്യക്ക് ഏകദിന പരന്പരയിലെ തോല്‍വികൂടി താങ്ങാനാവില്ല. വിശ്രമം നല്‍കിയ ജസ്പ്രിത് ബുമ്രയുടെ അഭാവം നികത്താനാവുന്നില്ല. അര്‍ഷ്ദീപ് സിംഗും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും അവസരത്തിനൊത്തുയര്‍ന്നാലെ ഇന്ത്യക്ക് രക്ഷയുള്ളൂ. കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ ത്രയത്തിനും ഉത്തരവാദിത്തമേറെ. ആരാധകര്‍ ഉറ്റുനോക്കുന്നത് ഹാട്രിക് സെഞ്ച്വറി ലക്ഷ്യമിടുന്ന വിരാട് കോലിയുടെ ബാറ്റിലേക്ക്. 2018ല്‍ ഹാട്രിക് സെഞ്ച്വറി നേടിയിട്ടുള്ള കോലി വിശാഖപട്ടണത്ത് കളിച്ച ഏഴ് ഏകദിനത്തില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പടെ 587 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.

രോഹിത് ശര്‍മ നല്‍കുന്ന തുടക്കവും നിര്‍ണായകമാവും. റുതുരാജ് ഗെയ്ക്വാദും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഫോമില്‍ ആയതിനാല്‍ സ്‌കോര്‍ബോര്‍ഡിനെക്കുറിച്ച് ആശങ്കയില്ല. യശസ്വീ ജയ്സ്വാള്‍കൂടി റണ്‍സടിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

YouTube video player