ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റത് ഏതെങ്കിലും തരത്തില്‍ മുംബൈയുടെ ആത്മവീര്യം തകര്‍ക്കുന്നതാണോ? 

ചെന്നൈ: ഐപിഎല്ലില്‍ രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും ഇത്തവണയും ആ ചരിത്രം തിരുത്താനായില്ല. ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസ് ഇത്തവണയും തോൽവിയോടെയാണ് തുടങ്ങിയത്. എന്നാല്‍ പതിനാലാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റത് ഏതെങ്കിലും തരത്തില്‍ മുംബൈയുടെ ആത്മവീര്യം തകര്‍ക്കുന്നതാണോ? ആദ്യ മത്സരം ജയിക്കുന്നതല്ല, ടൂർണമെന്റ് നേടുന്നതിനാണ് മുൻതൂക്കം എന്നായിരുന്നു മത്സരശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം. 

രോഹിത്തിന്‍റെ വാക്കുകള്‍

'കടുത്ത പോരാട്ടമായിരുന്നു. സ്‌കോർ ഒരിക്കലും സന്തോഷം നൽകുന്നതായിരുന്നില്ലെങ്കിലും ഞങ്ങൾ എളുപ്പം കീഴടങ്ങിയില്ല. ടീം 20 റൺസ് കുറവാണ് നേടിയത്. കുറച്ച് തെറ്റുകൾ വരുത്തി, അവ സംഭവിക്കും. ഞങ്ങൾക്ക് മുന്നോട്ടുപോയേ പറ്റൂ. മാർകോ ജാൻസെൺ പ്രതിഭയുള്ള താരമാണ്. നാല് ഓവർ അവശേഷിക്കേ എ ബി ഡിവില്ലിയേഴ്‌സും ഡാന്‍ ക്രിസ്റ്റ്യനും ക്രീസിൽ നിൽക്കുന്നതിനാലാണ് വിക്കറ്റെടുക്കാൻ ബുമ്രയേയും ബോൾട്ടിനെയും വിളിച്ചത്. ബാറ്റിംഗ് അനായാസമായ പിച്ചായിരുന്നില്ല. ഡിവില്ലിയേഴ്സ് നന്നായി ബാറ്റ് ചെയ്‌തതെന്നും അദേഹമാണ് മത്സരം തട്ടിയെടുത്തത്' എന്നും രോഹിത് ശ‍ർമ്മ കൂട്ടിച്ചേർത്തു. 

ഡല്‍ഹിക്ക് മുന്നറിയിപ്പ്, തലങ്ങും വിലങ്ങും കൂറ്റന്‍ ഷോട്ടുകളുമായി ധോണി; 'സാംപിള്‍ വെടിക്കെട്ട്' വൈറല്‍

ഹര്‍ഷല്‍ പട്ടേലിന്‍റെ ബൗളിംഗിന്‍റേയും എ ഡി ഡിവില്ലിയേഴ്‌സിന്‍റെ ബാറ്റിംഗിന്‍റേയും മികവിലാണ് മുംബൈയെ ആദ്യ മത്സരത്തില്‍ ആര്‍സിബി വീഴ്‌ത്തിയത്. അവസാന പന്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ അ‍ഞ്ച് വിക്കറ്റ് വീഴ്‌ത്തി ഹർഷൽ പട്ടേല്‍ 159ൽ ഒതുക്കിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിനെ 27 പന്തിൽ 48 റൺസെടുത്ത എബിഡി ജയിപ്പിക്കുകയായിരുന്നു. മാക്‌സ്‌വെൽ 39 ഉം വിരാട് കോലി 33 ഉം റണ്‍സ് നേടി. 

സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയെങ്കിലും മുംബൈയെ എതിരാളികള്‍ക്ക് എഴുതിത്തള്ളാനാവില്ല. 2013 മുതൽ സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം മുംബൈ ഇന്ത്യൻസ് തോൽവി നേരിട്ടിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയത് രോഹിത് ശ‍ർമ്മയുടെ മുംബൈയാണ് എന്നാണ് ചരിത്രം. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിലായിരുന്നു ഈ കിരീടങ്ങള്‍. 

ഐപിഎല്‍: അവസാന പന്തിലെ ആവേശത്തിനൊടുവില്‍ ആര്‍സിബി; മുംബൈയുടെ തുടക്കം തോല്‍വിയോടെ