മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു
മുംബൈ: ഐപിഎല്ലില്‍ (IPL 2022) വെടിക്കെട്ടുകളൊന്നും രക്ഷയ്ക്കെത്തിയില്ല, ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനോട് (Lucknow Super Giants) ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) 6 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് മുന്നോട്ടുവെച്ച 196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 189 റണ്‍സെടുക്കാനേയായുള്ളൂ. ലഖ്‌നൗവിനായി മൊഹ്‍സിന്‍ ഖാന്‍ (Mohsin Khan) നാല് വിക്കറ്റ് വീഴ്‍ത്തി.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാർ 2.6 ഓവറില്‍ പുറത്താകുമ്പോള്‍ സ്കോർ ബോർഡില്‍ 13 റണ്‍സ് മാത്രം. പൃഥ്വി ഷായെ(5) ചമീരയും ഡേവിഡ് വാർണറെ മൊഹ്‍സീനുമാണ്(3) പുറത്താക്കിയത്. എന്നാല്‍ 16 പന്തില്‍ 51 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി റിഷഭ് പന്തും മിച്ചല്‍ മാർഷും ഡല്‍ഹിയെ കരകയറ്റി. 20 പന്തില്‍ 37 റണ്‍സെടുത്ത മാർഷിനെ ഗൌതം പുറത്താക്കിയെങ്കിലും റിഷഭ് പന്ത് ഒരറ്റത്ത് പിടിച്ചുനിന്നു. എന്നാല്‍ റിഷഭിന് ഫിഫ്റ്റി തികയ്ക്കാനായില്ല. 30 പന്തില്‍ 44 റണ്‍സെടുത്ത താരത്തെ മൊഹ്‍സിന്‍ ഖാന്‍ ബൌള്‍ഡാക്കി.
ഇതിനിടെ ലളിത് യാദവ് മൂന്ന് റണ്‍സുമായി ബിഷ്‍ണോയിക്ക് കീഴടങ്ങി. രണ്ട് സിക്സറുകളുമായി സൂചന നല്‍കിയ റോവ്‍മാന്‍ പവലിന്‍റെ പോരാട്ടം 21 പന്തില്‍ 35ല്‍ മൊഹ്‍സിന്‍ അവസാനിപ്പിച്ചു. ഒരു റണ്ണുമായി ഷാർദുല്‍ ഠാക്കൂറും മൊഹ്‍സീന് മുന്നില്‍ വീണു. ഒടുവില്‍ അക്സർ പട്ടേല്‍ വെടിക്കെട്ടിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാന ഓവറിലെ 21 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹിക്ക് അപ്രാപ്യമായി. അക്സർ 24 പന്തില്‍ 42* ഉം കുല്‍ദീപ് 8 പന്തില്‍ 16* ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ 3 വിക്കറ്റിന് 195 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ 51 പന്തില്‍ 77 ഉം ദീപക് 34 പന്തില്‍ 52 ഉം റണ്‍സ് നേടി. ഷാർദുല്‍ ഠാക്കൂറാണ് മൂന്ന് വിക്കറ്റും നേടിയത്.
ഗംഭീര തുടക്കമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് ലഭിച്ചത്. പവർപ്ലേയില്‍ 57-1 എന്ന മികച്ച സ്കോർ നേടി ടീം. 13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ ഷാർദുല്‍ ഠാക്കൂർ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി കെ എല്‍ രാഹുലും ദീപക് ഹൂഡയും ടീമിനെ മുന്നോട്ട് നയിച്ചു. 15-ാം ഓവറില്‍ ഹൂഡയെ ഠാക്കൂർ മടക്കുമ്പോള്‍ ലഖ്‌നൗ 137 റണ്‍സിലെത്തിയിരുന്നു. ഹൂഡ-രാഹുല്‍ സഖ്യം 95 റണ്‍സ് ചേർത്തു.
പിന്നീട് മാർക്കസ് സ്റ്റോയിനിസും സാവധാനം കളംനിറഞ്ഞതോടെ ലഖ്‌നൗ മികച്ച സ്കോറിലെത്തി. ഠാക്കൂർ എറിഞ്ഞ 19-ാം ഓവറില്‍ രാഹുലിനെ സിക്സർ ശ്രമത്തിനിടെ ബൌണ്ടറിലൈനില്‍ ലളിത് യാദവ് പിടികൂടി. രാഹുല്‍ 51 പന്തില്‍ 77 റണ്‍സെടുത്തു. മാർക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 17* ഉം ക്രുനാല്‍ പാണ്ഡ്യ 6 പന്തില്‍ 9* ഉം റണ്‍സുമായി പുറത്താകാതെ നിന്നു.
