ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡീ കോക്കും ചേര്‍ന്ന് 9.4 ഓവറില്‍ 73 റണ്‍സടിച്ച് ലഖ്നൗവിന്‍റെ വ വിജയത്തിന് അടിത്തറയിട്ടു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സടിച്ച ലഖ്നൗവിന് പത്താം ഓവറിലാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ നഷ്ടമായത്. 25 പന്തില്‍ 24 റണ്‍സെടുത്ത രാഹുലിനെ കുല്‍ദീപ് മടക്കി.

മുംബൈ: ഐപിഎല്ലിൽ (IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെ(Delhi Capitals) ആറ് വിക്കറ്റിന് വീഴ്ത്തി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്(Lucknow Super Giants) മൂന്നാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ലഖ്നൗ മറികടന്നു. 52 പന്തില്‍ 80 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ പോരാട്ടമാണ് ലഖ്നൗവിനെ വിജയവര കടത്തിയത്.

അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും ക്രുനാല്‍ പാണ്ഡ്യയുടെയും ആയുഷ് ബദോനിയുടെയും മന:സാന്നിധ്യം ലഖ്നൗവിനെ വിജയത്തിലെത്തിച്ചു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 149-3, ലഖ്നൗ സൂപ്പര്‍ ജയന്‍റ് 19.4 ഓവറില്‍ 19.4 ഓവറില്‍ 155-4. നാലു കളികളില്‍ മൂന്നാം ജയത്തോടെ ലഖ്നൗ പോയന്‍റ് പട്ടികയില്‍ കൊല്‍ക്കത്തക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഡല്‍ഹി മൂന്ന് കളികളില്‍ രണ്ടാം തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു.

തുടക്കം മിന്നിച്ച് ഡീകോക്കും രാഹുലും

ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡീ കോക്കും ചേര്‍ന്ന് 9.4 ഓവറില്‍ 73 റണ്‍സടിച്ച് ലഖ്നൗവിന്‍റെ വ വിജയത്തിന് അടിത്തറയിട്ടു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സടിച്ച ലഖ്നൗവിന് പത്താം ഓവറിലാണ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ നഷ്ടമായത്. 25 പന്തില്‍ 24 റണ്‍സെടുത്ത രാഹുലിനെ കുല്‍ദീപ് മടക്കി. പിന്നാലെ എവിന്‍ ലൂയിസിനെയും(5), സ്കോര്‍ 122ല്‍ നില്‍ക്കെ ഡീകോക്കിനെയും(52 പന്തില്‍ 80) നഷ്ടമായി സമ്മര്‍ദ്ദത്തിലായ ലഖ്നൗവിനെ ദീപക് ഹൂഡയും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് വിജയത്തിന് അടുത്തെത്തിച്ചു.

ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു ലഖ്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഹൂഡയെ നഷ്ടമാവുകയും അടുത്ത പന്തില്‍ റണ്‍സെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ ഡല്‍ഹി പ്രതീക്ഷവെച്ചെങ്കിലും യുവതാര ആയുഷ് ബദോനി ഫോറും സിക്സും അടിച്ച് ആ പ്രതീക്ഷ ബൗണ്ടറി കടത്തി. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പൃഥ്വി ഷായുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും സര്‍ഫ്രാസ് ഖാന്‍റെയും ഭേദപ്പെട്ട പ്രകടനങ്ങളുടെയും മികവിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. 34 പന്തില്‍ 61 റണ്‍സടചിച്ച ഓപ്പണര്‍ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. റിഷഭ് പന്ത് 39 റണ്‍സും സര്‍ഫ്രാസ് ഖാന്‍ 36 റണ്‍സുമെടുത്തു.

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സടിച്ച ഡല്‍ഹി പതിനാറാം ഓവറിലാണ് 100 കടന്നത്. തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രതിരോധിച്ചു കളിച്ച റിഷഭ് പന്ത് പതിനാറാം ഓവറിനുശേഷം നടത്തിയ കടന്നാക്രമണത്തിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്കോറിലെത്തിയത്. ആന്‍ഡ്ര്യു ടൈ എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും അടക്കം 18 റണ്‍സടിച്ച ഡല്‍ഹി ആവേശ് ഖാന്‍റെ അടുത്ത ഓവറില്‍ 12 റണ്‍സടിച്ചു.

എന്നാല്‍ ജേസണ്‍ ഹോള്‍ഡറും ആവേശ് ഖാനും എറി‌ഞ്ഞ അവസാന മൂന്നോവറില്‍ 19 റണ്‍സ് മാത്രമെ ഡല്‍ഹിക്ക് നേടാനായുള്ളു. ഇതോടെ ഡല്‍ഹി സ്കോര്‍ 149ല്‍ ഒതുങ്ങി. 28 പന്തില്‍ 36 റണ്‍സുമായി സര്‍ഫ്രാസും 36 പന്തില്‍ 39 റണ്‍സുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു.