ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുമ്പോള്‍ വിരാട് കോലിയുടെ റണ്‍ മെഷീന്‍ വീണ്ടും തുറക്കും എന്ന പ്രതീക്ഷയിലാണ് ആര്‍സിബി ക്യാമ്പ്

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജീവന്‍മരണ പോരാട്ടത്തിന് റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(RCB vs GT) ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം വിരാട് കോലി(Virat Kohli). മത്സരത്തിനിറങ്ങുമ്പോള്‍ നിര്‍ണായക നാഴികക്കല്ലിന് അരികെയാണ് കിംഗ് കോലി. 57 റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ ആര്‍സിബിക്കായി(Royal Challengers Bangalore) 7000 റണ്‍സ് കോലി പൂര്‍ത്തിയാക്കും. ടി20യില്‍ ഒരു ഫ്രാഞ്ചൈസിക്കായി 7000 റണ്‍സ് നേടുന്ന ആദ്യ താരമാകും ഇതോടെ കോലി. 

മറ്റൊരു നേട്ടം കൂടി മത്സരത്തില്‍ കോലിയെ കാത്തിരിപ്പുണ്ട്. ഒരു ക്യാച്ച് കൂടി നേടിയാല്‍ ടി20യില്‍ അദേഹത്തിന് 150 ക്യാച്ചുകള്‍ തികയ്‌ക്കാം. ഒരു വിക്കറ്റ് നേടിയാല്‍ ആര്‍സിബി പേസര്‍ ജോഷ് ഹേസല്‍വുഡിന് ടി20യില്‍ 100 വിക്കറ്റുകളാകും. നാല് വിക്കറ്റ് കുറിച്ചാല്‍ ലീഗില്‍ ഹര്‍ഷല്‍ പട്ടേല്‍ 100 വിക്കറ്റ് ക്ലബിലെത്തും. രണ്ട് പേരെ കൂടി പുറത്താക്കിയാല്‍ ഐപിഎല്ലില്‍ ആര്‍സിബി കുപ്പായത്തില്‍ പേസര്‍ മുഹമ്മദ് സിറാജിന് 50 വിക്കറ്റുകളാകും. നാല് ബൗണ്ടറികള്‍ നേടിയാല്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഐപിഎല്ലില്‍ 200 ഫോറുകളാകും. 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുമ്പോള്‍ വിരാട് കോലിയുടെ റണ്‍ മെഷീന്‍ വീണ്ടും തുറക്കും എന്ന പ്രതീക്ഷയിലാണ് ആര്‍സിബി ക്യാമ്പ്. സീസണില്‍ മോശം ബാറ്റിംഗ് ഫോമാണ് കോലി കാഴ്‌ചവെക്കുന്നത്. 13 മത്സരങ്ങളില്‍ 19.67 ശരാശരിയിലും 113.46 സ്‌ട്രൈക്ക് റേറ്റിലും വെറും 236 റണ്‍സ് മാത്രമേ കോലിക്കുള്ളൂ. ഒരു അര്‍ധ സെഞ്ചുറി മാത്രമേ കോലിക്ക് തന്‍റെ പേരിനൊപ്പം കുറിക്കാനായുള്ളൂ. 

ജീവന്‍മരണ പോരിന് ആര്‍സിബി

രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുന്നത്. തോറ്റാൽ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും ഒതുക്കിവയ്ക്കാം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും. ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് തോൽക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താൻ. 13 കളിയിൽ 10ലും ജയിച്ച് മുന്നിലുള്ള ഗുജറാത്തിനെ മറികടക്കുക ആര്‍സിബിക്ക് എളുപ്പമല്ല. വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, രജത് പട്ടിദാർ, ദിനേശ് കാർത്തിക് എന്നിങ്ങനെയുള്ള പവർ ഹിറ്റർമാർ തിളങ്ങണം വലിയ സ്കോറിലെത്താൻ.

ബൗളിംഗിലും ആശങ്കയുണ്ട്. ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്‍വുഡിന്‍റെ ശക്തമായ തിരിച്ചുവരവ് ടീം ആഗ്രഹിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ 4 ഓവറിൽ ഓസീസ് താരം വിട്ടുകൊടുത്തത് 64 റൺസാണ്. പവർപ്ലേയിലും ഡെത്ത് ഓവറിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടാത്ത മുഹമ്മദ് സിറാജിനെ മധ്യഓവറുകളിൽ ഉപയോഗിക്കുകയാകും ഡുപ്ലസിയുടെ മുന്നിലുള്ള വഴി.

IPL 2022 : പഴയ ഗംഭീര്‍ തന്നെ, ഒരു മാറ്റവുമില്ല; ലഖ്‌നൗവിന്‍റെ വിജയാഘോഷത്തില്‍ വൈറലായി മുന്‍താരം- വീഡിയോ