ഒന്നാം വിക്കറ്റില്‍ 182 റണ്‍സ് അടിച്ചുകൂട്ടി ഗെയ്ക്‌വാദും കോണ്‍വേയും, 200 ഉം കടന്ന് ചെന്നൈയുടെ റണ്‍മല

പുനെ: ഐപിഎല്ലില്‍ (IPL 2022) തീപ്പൊരി ബാറ്റിംഗുമായി റുതുരാജ് ഗെയ്ക്‌വാദും (Ruturaj Gaikwad) ദെവോണ്‍ കോണ്‍വേയും (Devon Conway) നിറഞ്ഞാടിയപ്പോള്‍ ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) കൂറ്റന്‍ സ്കോർ. സിഎസ്‍കെ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 202 റണ്‍സെടുത്തു. ഗെയ്ക്‌വാദിന് ഒരു റണ്ണിന് ശതകം നഷ്ടമായപ്പോള്‍ കോണ്‍വേ 55 പന്തില്‍ 85* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ആദ്യ വിക്കറ്റില്‍ 182 റണ്‍സ് ചേർത്തു. 

രവീന്ദ്ര ജഡേജ മാറി എം എസ് ധോണി വീണ്ടും നായകനായപ്പോള്‍ ഈ സീസണിലെ ഗംഭീര തുടക്കങ്ങളിലൊന്ന് നേടി ചെന്നൈ സൂപ്പർ കിംഗ്സ്. പ്രതാപകാലത്തേക്ക് ആരാധകരെ തിരികെ കൊണ്ടുപോയ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ദേവോണ്‍ കോണ്‍വേ ചെന്നൈക്ക് അതിശയിപ്പിക്കുന്ന തുടക്കം നല്‍കി. ഗെയ്ക്‌വാദ് 33 പന്തില്‍ 50 തികച്ചു. പിന്നാലെ പേസ് എക്സ്പ്രസ് ഉമ്രാന്‍ മാലിക്കനെയടക്കം തകർത്തടിച്ച് ഗെയ്ക്‌വാദ് സിക്സർ പൂരമൊരുക്കി. പവർപ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്ത ടീമിനെ 11-ാം ഓവറില്‍ എയ്ഡന്‍ മാർക്രാമിനെ അടിച്ചുപറത്തി ഗെയ്ക്‌വാദ് 100 കടത്തി. 

12 ഓവർ പൂർത്തിയാകുമ്പോള്‍ ചെന്നൈ വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ്. 39 പന്തില്‍ കോണ്‍വേയും അർധ സെഞ്ചുറി തികത്തോടെ 15 ഓവറില്‍ 150 കടന്നു സിഎസ്‍കെ. 18-ാം ഓവറില്‍ 99ല്‍ നില്‍ക്കേ സെഞ്ചുറിക്കരികെ ഗെയ്ക്‌വാദിനെ ഭുവിയുടെ കൈകളില്‍ നടരാജന്‍ എത്തിച്ചു. 17.5 ഓവറില്‍ 182ല്‍ നില്‍ക്കേയാണ് ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിയുന്നത്. ഗെയ്ക്‌വാദ് 57 പന്തില്‍ ആറ് വീതം ഫോറും സിക്സറും സഹിതം 99 റണ്ണെടുത്തു. പിന്നാലെയെത്തിയ ധോണിയെ 7 പന്തില്‍ എട്ടില്‍ നില്‍ക്കേ നട്ടു മടക്കി. ചെന്നൈ ഇന്നിംഗ്‍സ് അവസാനിക്കുമ്പോള്‍ കോണ്‍വേയ്ക്കൊപ്പം രവീന്ദ്ര ജഡേജ 1* പുറത്താകാതെ നിന്നു. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്‍ഡന്‍ മാർക്രം, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, വാഷിംഗ്‍ടണ്‍ സുന്ദർ, മാർക്കോ ജാന്‍സണ്‍, ഭുവനേശ്വർ കുമാർ, ഉമ്രാന്‍ മാലിക്, ടി നടരാജന്‍. 

ചെന്നൈ സൂപ്പർ കിംഗ്‍സ്: റുതുരാജ് ഗെയ്ക്‌വാദ്, റോബിന്‍ ഉത്തപ്പ, ദെവോണ്‍ കോണ്‍വേ, അമ്പാട്ടി റായുഡു, സിമർജീത് സിംഗ്, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), മിച്ചല്‍ സാന്‍റ്‍നർ, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മുകേഷ് ചൌധരി, മഹീഷ് തീക്ഷ്‍ന.

IPL 2022 : മൊഹ്‍സിന്‍ ഖാന് നാല് വിക്കറ്റ്; വെടിക്കെട്ട് ഡല്‍ഹിയെ പൂട്ടി ലഖ്‌നൗ