Asianet News MalayalamAsianet News Malayalam

'ഒരൊറ്റ കപ്പ് എങ്കിലും ഞങ്ങള്‍ക്ക് താ', ധോണിയെ ആര്‍സിബിയിലേക്ക് ക്ഷണിച്ച് ആരാധകന്‍; 'തല'യുടെ മറുപടി വൈറല്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ചേക്കേറി ഞങ്ങള്‍ക്കൊരു കപ്പ് സമ്മാനിച്ചൂടെ എന്ന് തല ധോണിയോട് ചോദിച്ചിരിക്കുകയാണ് ആര്‍സിബിയുടെ ഒരു കട്ട ഫാന്‍

IPL 2024 Royal Challengers Bangalore fan urged MS Dhoni to join RCB But CSK skipper response goes viral
Author
First Published Dec 21, 2023, 8:54 AM IST

ചെന്നൈ: ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള ടീമാണ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എങ്കില്‍ കിരീടം കിട്ടാക്കനിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. പേരില്‍ മാത്രം റോയലുള്ള ആര്‍സിബിക്ക് ഇതുവരെ ഒരു കിരീടം പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉയര്‍ത്താനായിട്ടില്ല. ഇതോടെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് ചേക്കേറി ഞങ്ങള്‍ക്കൊരു കപ്പ് സമ്മാനിച്ചൂടെ എന്ന് 'തല' ധോണിയോട് ചോദിച്ചിരിക്കുകയാണ് ആര്‍സിബിയുടെ ഒരു കട്ട ഫാന്‍. ഇതിന് ധോണി നല്‍കിയ മറുപടിയുടെ വീഡിയോ വൈറലായി. 

'ഞാന്‍ 16 വര്‍ഷമായി ആര്‍സിബിയുടെ കടുത്ത ആരാധകനാണ്. സിഎസ്‌കെയ്‌ക്കായി ധോണി അഞ്ച് കിരീടങ്ങള്‍ നേടിയ രീതി ഇഷ്ടപ്പെടുന്നു. ആര്‍സിബിയിലേക്ക് താങ്കള്‍ വന്ന് ഒരു കിരീടം സമ്മാനിക്കണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്' എന്നുമായിരുന്നു ആരാധകന്‍റെ വാക്കുകള്‍. 

ഈ രസകരമായ ചോദ്യത്തോട് എം എസ് ധോണിയുടെ മറുപടി ഇങ്ങനെ. 'റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികച്ച ടീമാണ്. ക്രിക്കറ്റില്‍ എല്ലാം പദ്ധതികള്‍ അനുസരിച്ച് പോകില്ല എന്നും മനസിലാക്കണം. ഐപിഎല്ലിലെ 10 ടീമുകളും മികച്ചതാണ്. മികച്ച താരങ്ങളുണ്ടെങ്കിലും ചിലര്‍ പരിക്കേറ്റ് പുറത്താവുന്നതാണ് ടീമുകള്‍ക്ക് തിരിച്ചടിയാവുന്നത്. ഐപിഎല്ലില്‍ എല്ലാ ടീമുകള്‍ക്കും കിരീട സാധ്യതയുണ്ട്. ഇപ്പോള്‍ എനിക്ക് എന്‍റെ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ ആശങ്കകള്‍ ഏറെയുണ്ട്. എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരാന്‍ ആഗ്രഹിക്കുന്നു. ഇതേ എനിക്ക് ഇപ്പോള്‍ ചെയ്യാനാകൂ. മറ്റൊരു ടീമിനെ സഹായിക്കാന്‍ ഞാന്‍ സിഎസ്‌കെ വിട്ടാല്‍ എന്‍റെ ടീമിന്‍റെ ആരാധകര്‍ എന്ത് കരുതും' എന്നുമായിരുന്നു ധോണിയുടെ മറുപടി. 

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ല എങ്കിലും മികച്ച താരങ്ങളുള്ള ടീമാണ് ആര്‍സിബി. ഫാഫ് ഡ‍ുപ്ലസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, വിരാട് കോലി, രതജ് പടിദാര്‍, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, സുയാഷ് പ്രഭുദേശായി, വില്‍ ജാക്‌സ്, മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ്മ, മനോജ് ഭാന്‍ഗഡെ, മായങ്ക് ദാഗര്‍, വിജയകുമാര്‍ വൈശാഖ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്‌ലി, ഹിമാന്‍ഷു ശര്‍മ്മ, രജന്‍ കുമാര്‍, കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, ടോം കറന്‍, ലോക്കീ ഫെര്‍ഗ്യൂസണ്‍, സ്വപ്നില്‍ സിംഗ്, സൗരവ് ചൗഹാന്‍ എന്നിവരാണ് ഇത്തവണ ആര്‍സിബി സ്ക്വാഡിലുള്ളത്.

Read more: മൂന്നാം ഏകദിനം; ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ സഞ്ജു സാംസണ്‍, പുതിയ ചുമതല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios