ഐപിഎല്‍ 2025 ഫൈനലില്‍ ജോഷ് ഹേസല്‍വുഡാണോ ശ്രേയസ് അയ്യരാണോ മുന്‍തൂക്കം നേടുന്നത് അവരുടെ ടീം കപ്പടിക്കാന്‍ സാധ്യത 

അഹമ്മദാബാദ്: നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്‍ പതിനെട്ടാം സീസണിന്‍റെ ചാമ്പ്യന്‍മാരെ ഇന്നറിയാം. അഹമ്മദാബാദ് വേദിയാവുന്ന കലാശപ്പോരില്‍ എതിര്‍ പക്ഷങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സുമാണ്. കപ്പ് ആരടിച്ചാലും അവര്‍ പുതിയ ചാമ്പ്യന്‍സ്, ഐപിഎല്ലില്‍ പുതു യുഗപ്പിറവി. അഹമ്മദാബാദിലെ ആര്‍സിബി-പഞ്ചാബ് പോരാട്ടത്തില്‍ ഇരു ടീമിന്‍റെയും വിധിയെഴുതുക രണ്ട് താരങ്ങളാണ്. ബെംഗളൂരുവിന് പേസര്‍ ജോഷ് ഹേസല്‍വുഡും പഞ്ചാബിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും. 

ഐപിഎല്ലിലെ അയ്യരിസം ക്രിക്കറ്റ് പ്രേമികള്‍ തലയില്‍ കൈവച്ച് കണ്ടിട്ട് രണ്ട് ദിവസം ആയിട്ടേയുള്ളൂ. ഐപിഎല്‍ 2025ന്‍റെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ ഒറ്റയ്ക്ക് തോല്‍പിച്ചുകളഞ്ഞു പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. മുംബൈയുടെ 203 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് 19 ഓവറില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചത് അയ്യരുടെ സംഹാരതാണ്ഡവത്തില്‍. നാലാമനായി ക്രീസിലെത്തി 41 പന്തുകളില്‍ അഞ്ച് ഫോറും എട്ട് സിക്‌സറുകളും പായിച്ചൊരു അയ്യര്‍ ഷോയില്‍ പിറന്നത് 87 നോട്ടൗട്ട്. പഞ്ചാബ് ഇന്നിംഗ്സിലെ 19-ാം ഓവറില്‍ മുംബൈ പേസര്‍ അശ്വനി കുമാറിനെ നാല് സിക്‌സുകള്‍ക്ക് പായിച്ചായിരുന്നു അയ്യരുടെ ഫിനിഷിംഗ്. ഏത് സമ്മര്‍ദ ഘട്ടത്തിലും കൂളായി മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്ന ശ്രേയസ് അയ്യരില്‍ വിശ്വാസമര്‍പ്പിച്ച് പഞ്ചാബ് കിംഗ്സ് കിരീട സ്വപ്നവുമായി ഇറങ്ങുന്നു. 

മറുവശത്ത് ആര്‍സിബിയുടെ കുന്തമുന ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡാണ്. പഞ്ചാബിനെതിരെ ഹേസല്‍വുഡിന്‍റെ സ്പെല്‍ ഫൈനലിന്‍റെ വിധി നിര്‍ണയിക്കും എന്നുറപ്പിക്കാം. ഇതിന് മുമ്പ് പഞ്ചാബ്, ബാംഗ്ലൂര്‍ ടീമുകള്‍ മുഖാമുഖം വന്നത് ക്വാളിഫയര്‍ ഒന്നിലായിരുന്നു. അന്ന് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചത് ഹേസല്‍വുഡായിരുന്നു. വണ്‍ഡൗണര്‍ ജോഷ് ഇംഗ്ലിസിനെയും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കാലുറപ്പിക്കും മുമ്പ് പുറത്താക്കി ഹേസല്‍വുഡ് ഫൈനലിലേക്ക് ആര്‍സിബിയുടെ വഴി തുറന്നുകൊടുത്തു. ടെസ്റ്റ് ലൈനും ലെങ്തും വച്ചുള്ള ഹേസല്‍വുഡിന്‍റെ ട്രാപ്പില്‍ അന്ന് കുടുങ്ങുകയായിരുന്നു പഞ്ചാബ് ബാറ്റര്‍മാര്‍. ക്രീസ് വിട്ടിറങ്ങിയുള്ള അയ്യരുടെ പാഴ്‌ശ്രമം അതിന് തെളിവ്. 

കാര്യമൊക്കെ ശരിതന്നെ, ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്ന് കളിച്ചാണ് ശ്രേയസ് അയ്യര്‍ ഫൈനലിന് വരുന്നത്. പക്ഷേ, ഐപിഎല്‍ ഫൈനലില്‍ ഹേസല്‍വുഡിനെതിരെ ഇറങ്ങുമ്പോള്‍ അയ്യര്‍ ഭയക്കണം. ഐപിഎല്ലില്‍ മുമ്പ് നാലുവട്ടം ഹേസല്‍വുഡിന് മുന്നില്‍ പുറത്തായിട്ടുണ്ട് ശ്രേയസ് അയ്യര്‍. ഹേസല്‍വുഡിന്‍റെ 22 പന്തുകളില്‍ 11 റണ്‍സേ നേടാനായിട്ടുള്ളൂ എന്നതും ശ്രേയസിനൊരു മുന്നറിയിപ്പാണ്. ഇന്നത്തെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- പഞ്ചാബ് കിംഗ്സ് മത്സരം ശരിക്കുംപറഞ്ഞാല്‍ ശ്രേയസ് അയ്യര്‍- ജോഷ് ഹേസല്‍വുഡ് അങ്കമാണ്. ആര് മേല്‍ക്കൈ നേടുന്നോ ആ ടീം കപ്പുയര്‍ത്താന്‍ സാധ്യത. 

ഐപിഎല്‍ 2025ലെ റണ്‍വേട്ടയില്‍ ആറാമതുണ്ട് ശ്രേയസ് അയ്യര്‍. ഇതുവരെയുള്ള സമ്പാദ്യം 603 റണ്‍സ്. ബാറ്റിംഗ് ശരാശരി 54 ഉം, പ്രഹരശേഷി 175 ഉം. സീസണില്‍ റണ്‍വേട്ടയില്‍ മുന്നിലുള്ള ആര്‍ക്കും കണക്കുകളില്‍ ശ്രേയസിനേക്കാള്‍ സ്ട്രൈക്ക്റേറ്റില്ല. മികവ് തുടര്‍ന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് സീസണിലെ റണ്‍വേട്ടയില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യാം. അതേസമയം, വെറും 11 മാത്രം മത്സരങ്ങളില്‍ 21 വിക്കറ്റുള്ള ജോഷ് ഹേസല്‍വുഡിനെ കാത്തിരിക്കുന്നതും സുവര്‍ണ നേട്ടങ്ങള്‍. നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാല്‍ ഹേസല്‍വുഡ് ഇന്ന് പര്‍പ്പിള്‍ ക്യാപ്പണിയും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം