2 ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങിയ അൻഷുൽ കാംബോജ് 2 വിക്കറ്റുകൾ വീഴ്ത്തി.
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മോശം തുടക്കം. 231 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് 4 ഓവറുകൾ പൂര്‍ത്തിയാകും മുമ്പ് തന്നെ നായകൻ ശുഭ്മാൻ ഗില്ലിന്റെയും ജോസ് ബട്ലറുടെയും വിക്കറ്റുകൾ നഷ്ടമായി. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്. സായ് സുദര്‍ശനും (15) ഷാറൂഖ് ഖാനുമാണ് ക്രീസിൽ.
ആദ്യ ഓവറിൽ തന്നെ രവീന്ദ്ര ജഡേജയെ പന്തേൽപ്പിച്ചാണ് നായകൻ മഹേന്ദ്ര സിംഗ് ധോണി ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ജഡേജ ബൗണ്ടറി വഴങ്ങാതെ വെറും 7 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാൽ രണ്ടാം ഓവറിൽ സായ് സുദര്‍ശനും ശുഭ്മാൻ ഗില്ലും ഖലീൽ അഹമ്മദിനെതിരെ സായ് സുദര്‍ശനും ഗില്ലും ഒരോ ബൗണ്ടറി വീതം നേടി. മൂന്നാം ഓവറിൽ ജഡേജയ്ക്ക് പകരം അൻഷുൽ കാംബോജിനെ ധോണി പന്തേൽപ്പിച്ചു. രണ്ടാം പന്തിൽ ഗിൽ മനോഹരമായ ഷോട്ടിലൂടെ ഗുജറാത്തിന്റെ ആദ്യ സിക്സര്‍ പറത്തി. എന്നാൽ, രണ്ടാം പന്തിൽ വീണ്ടും ക്രീസിൽ നിന്ന് ഇറങ്ങിയടിക്കാനുള്ള ഗില്ലിന്റെ ശ്രമം ഫസ്റ്റ് സ്ലിപ്പിൽ ഉര്‍വിൽ പട്ടേലിന്റെ കൈകളിൽ അവസാനിച്ചു. 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിൽ.
നാലാം ഓവറിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഖലീൽ അഹമ്മദിനെ സമ്മര്‍ദ്ദത്തിലാക്കാനായി ക്രീസിൽ നിന്ന് ഇറങ്ങിയടിക്കാൻ ശ്രമിച്ച ജോസ് ബട്ലര്‍ക്ക് പിഴച്ചു. എക്സ്ട്രാ കവറിന് മുകളിലൂടെയുള്ള ഷോട്ടിനാണ് ശ്രമിച്ചതെങ്കിലും ഡീപ് പോയിന്റിൽ അൻഷുൽ കാംബോജിന്റെ കൈകളിലാണ് പന്ത് എത്തിയത്. ഇതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി. തൊട്ടടുത്ത ഓവറിൽ അപകടകാരിയായ റൂഥര്‍ഫോര്‍ഡിനെയും ഗുജറാത്തിന് നഷ്ടമായി. അൻഷുൽ കാംബോജിനെ ബൗണ്ടറി കടത്താൻ ശ്രമിച്ച റൂഥര്‍ഫോര്‍ഡിനെ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് വെച്ച് മനോഹരമായ ക്യാച്ചിലൂടെ ആയുഷ് മാഹ്ത്രെ പുറത്താക്കി. ഒരു റൺ പോലും നേടാനാകാതെയാണ് റൂഥര്‍ഫോര്‍ഡ് മടങ്ങിയത്. ആറാം ഓവറിൽ ഖലീൽ അഹമ്മദിനെതിരെ സായ് സുദര്‍ശൻ ആശ്വാസ ബൗണ്ടറി നേടി. ഇതോടെ പവര്‍ പ്ലേയിൽ കൂറ്റൻ സ്കോര്‍ നേടാനാകാതെ ഗുജറാത്ത് വിയര്‍ത്തു.