64 പന്തുകൾ നേരിട്ട് 117 റൺസ് നേടിയ മിച്ചൽ മാര്‍ഷിന്റെ തകര്‍പ്പൻ പ്രകടനമാണ് ലക്നൗവിന് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്. 

അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി. 117 റൺസ് നേടിയ മിച്ചല്‍ മാര്‍ഷിന്‍റെ തകര്‍പ്പൻ സെഞ്ച്വറിയാണ് ലക്നൗവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചൽ മാര്‍ഷും ലക്നൗവിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 9.5 ഓവറിൽ 91 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 24 പന്തുകൾ നേരിട്ട മാര്‍ക്രം 3 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 36 റൺസാണ് നേടിയത്. മാര്‍ക്രം പുറത്തായതിന് പിന്നാലെ നിക്കോളാസ് പൂരാൻ ക്രീസിലെത്തി. 10.3 ഓവറിൽ ടീം സ്കോര്‍ 100 തികഞ്ഞു. 12-ാം ഓവറിൽ റാഷിദ് ഖാനെ മാര്‍ഷ് കടന്നാക്രമിച്ചു. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 25 റൺസാണ് റാഷിദ് വഴങ്ങിയത്. 

മാര്‍ഷും പൂരാനും തകര്‍ത്തടിച്ചതോടെ ലക്നൗവിന്‍റെ സ്കോര്‍ കുതിച്ചുയര്‍ന്നു. 14.2 ഓവറിൽ ടീം സ്കോര്‍ 150 കടന്നു. 16-ാം ഓവറിൽ മുഹമ്മദ് സിറാജും നിക്കോളാസ് പൂരാനും തമ്മിൽ വാക്പോരിൽ ഏര്‍പ്പെട്ടു. തുടര്‍ന്ന് അവസാന രണ്ട് പന്തുകളിൽ ഒരു ബൗണ്ടറിയും സിക്സറു പറത്തിയാണ് പൂരാൻ മറുപടി നൽകിയത്. സിറാജിന്റെ ഈ ഓവറിൽ ആകെ 20 റൺസ് പിറക്കുകയും ചെയ്തതോടെ ലക്നൗ സ്കോര്‍ വീണ്ടും ഉയര്‍ന്നു. 17-ാം ഓവറിൽ മിച്ചല്‍ മാര്‍ഷ് സെഞ്ച്വറി നേടി. 56 പന്തുകളില്‍ നിന്നായിരുന്നു മാര്‍ഷിന്റെ സെഞ്ച്വറി. ഈ ഐപിഎല്ലിൽ ഒരു വിദേശ താരം ആദ്യമായാണ് സെഞ്ച്വറി നേടുന്നത്. പിന്നാലെ, പൂരാൻ 23 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ചു. 17.4 ഓവറിൽ ടീം സ്കോര്‍ 200 കടക്കുകയും ചെയ്തു. 

19-ാം ഓവറിന്റെ രണ്ടാം പന്തിൽ മിച്ചൽ മാര്‍ഷിനെ അര്‍ഷാദ് ഖാൻ പുറത്താക്കി. 64 പന്തുകൾ നേരിട്ട മാര്‍ഷ് 10 ബൗണ്ടറികളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെ 117 റൺസ് നേടിയാണ് മടങ്ങിയത്. അവസാന രണ്ട് ഓവറിൽ 21 റൺസാണ് ലക്നൗ ബാറ്റര്‍മാര്‍ നേടിയത്. അവസാന ഓവറിൽ കാഗിസോ റബാഡയ്ക്ക് എതിരെ നായകൻ റിഷഭ് പന്ത് രണ്ട് സിക്സറുകൾ നേടി. 27 പന്തിൽ 56 റൺസുമായി പൂരാനും 6 പന്തിൽ 16 റൺസുമായി പന്തും പുറത്താകാതെ നിന്നു.