'തല' എന്നാല്‍ സുമ്മാവാ! ഐപിഎല്ലില്‍ അണ്ടര്‍ആം ത്രോ വഴി ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് ബാറ്റര്‍ അബ്‌ദുള്‍ സമദിനെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ടാക്കി എം എസ് ധോണി  

ലക്നൗ: ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ വീണ്ടും അത്ഭുതം കാട്ടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി. 43-ാം വയസില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം അബ്‌ദുള്‍ സമദിനെ ഒരു അണ്ടര്‍ആം ത്രോയിലൂടെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ റണ്ണൗട്ടാക്കുകയാണ് ധോണി ചെയ്തത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത റണ്ണൗട്ടായി ഇത് മാറി. 

ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്സിലെ അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു ഈ അസാധാരണ വിക്കറ്റ്. പതിരാനക്കെതിരെ അബ്‌ദുള്‍ സമദ് സിംഗിളിനായി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് പാഞ്ഞപ്പോള്‍ ധോണി വിക്കറ്റ് കീപ്പിംഗ് പൊസിഷനില്‍ തന്നെ നിന്നുകൊണ്ട് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഉയര്‍ത്തി അണ്ടര്‍ആം ത്രോ എറിയുകയായിരുന്നു. സമദിന് എന്താണ് സംഭവിച്ചത് എന്ന് പിടി പോലും നല്‍കാതെ നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബെയ്‌ല്‍സുകള്‍ ധോണിയുടെ അപ്രതീക്ഷിതവും അസാധാരണവുമായ ത്രോയില്‍ ഇളകി. ഇതോടെ 11 പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 20 റണ്‍സുമായി സമദ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ബാറ്റര്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്ത എം എസ് ധോണി ലക്നൗ ടോപ് സ്കോററും ക്യാപ്റ്റനുമായ റിഷഭ് പന്തിന്‍റെ ക്യാച്ചെടുക്കുകയും ചെയ്തു.

Scroll to load tweet…

ബാറ്റ് കൊണ്ടും എം എസ് ധോണി തിളങ്ങിയ ദിവസമായിരുന്നു ഇന്നലെ. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അഞ്ച് വിക്കറ്റ് വിജയം ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ 11 പന്തുകളില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം പുറത്താവാതെ 26 റണ്‍സുമായി ധോണി ഫിനിഷറായി. മാത്രമല്ല വിക്കറ്റിന് മുന്നിലെയും പിന്നിലെയും മികവിന് മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ധോണിയെ തേടിയെത്തി. മത്സരത്തില്‍ ലക്നൗവിന്‍റെ 166 റണ്‍സ് സിഎസ്‌കെ ധോണിയുടെ മികവില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. നേരത്തെ 49 ബോളുകളില്‍ നാല് വീതം ബൗണ്ടറികളും സിക്‌സറുകളുമായി 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്താണ് ലക്നൗവിനെ നിശ്ചിത 20 ഓവറില്‍ 166-7 എന്ന സ്കോറിലേക്ക് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം എത്തിച്ചത്.

Read more: വിക്കറ്റിന് പിന്നില്‍ ഡബിള്‍ സെഞ്ചുറി; ഐപിഎല്ലില്‍ 200 ബാറ്റര്‍മാരെ പുറത്താക്കുന്ന ആദ്യ കീപ്പറായി എം എസ് ധോണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം