42 പന്തിൽ 67 റൺസ് നേടിയ കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. നായകന്‍ രജത് പാട്ടീദാറിന്‍റെയും വിരാട് കോലിയുടെയും അര്‍ധ സെഞ്ച്വറികളാണ് ആര്‍സിബിയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 

ട്രെന്റ് ബോൾട്ടിന്‍റെ ആദ്യ ഓവറിന്‍റെ ആദ്യ പന്ത് തന്നെ ഫിൽ സാൾട്ട് ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ സാൾട്ടിനെ ബോൾട്ട് ക്ലീൻ ബൗൾഡാക്കി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. മറുഭാഗത്ത് വിരാട് കോലിയും തകര്‍പ്പൻ ഫോമിലായിരുന്നു. പവര്‍ പ്ലേ അവസാനിക്കുമ്പോൾ ആര്‍സിബിയുടെ സ്കോര്‍ ബോര്‍ഡിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസാണ് പിറന്നത്. 22 പന്തിൽ 37 റൺസ് നേടിയ പടിക്കലിനെ മലയാളി താരം വിഘ്നേഷ് പുത്തൂര്‍ പുറത്താക്കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച വിരാട് കോലി - രജത് പാട്ടീദാര്‍ സഖ്യം ആര്‍സിബി ഇന്നിംഗ്സ് അതിവേഗം മുന്നോട്ട് കൊണ്ടുപോയി. 

30 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ച കോലി 42 പന്തിൽ 67 റൺസ് നേടിയാണ് മടങ്ങിയത്. കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് എതിരെ കൂറ്റനടിയ്ക്ക് ശ്രമിച്ച കോലിയുടെ ഷോട്ട് നമാൻ ധിറിന്‍റെ കൈകളിൽ അവസാനിച്ചു. നേരിട്ട രണ്ടാം പന്തിൽ തന്നെ അപകടകാരിയായ ലിയാം ലിവിംഗ്സ്റ്റണും ഹാര്‍ദിക്കിന് മുന്നിൽ കീഴടങ്ങി. അവസാന ഓവറുകളിൽ പാട്ടീദാറും ജിതേഷ് ശര്‍മ്മയും തകര്‍പ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 31 പന്തിൽ 5 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 64 റൺസ് നേടിയാണ് പാട്ടീദാര്‍ മടങ്ങിയത്. ജിതേഷ് ശര്‍മ്മ 12 പന്തിൽ 2 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 32 റൺസ് നേടി. 

4 ഓവറിൽ 45 റൺസ് വഴങ്ങിയ നായകൻ ഹാര്‍ദിക് പാണ്ഡ്യ 2 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 57 റൺസ് വഴങ്ങിയ ബോൾട്ടും 2 വിക്കറ്റുകൾ സ്വന്തമാക്കി. ഒരു ഓവര്‍ മാത്രം എറിഞ്ഞ വിഘ്നേഷ് പുത്തൂരാണ് അവശേഷിച്ച ഒരു വിക്കറ്റ് നേടിയത്. 

READ MORE: 'അപേക്ഷ നൽകാതെ സാധിക്കുമോ?'; ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് സഹീര്‍ ഖാൻ