27 കോടിയ്ക്ക് ലക്നൗവിലെത്തിയ പന്തിന് ഇതുവരെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
ധരംശാല: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം. പ്ലേ ഓഫിനായുള്ള പോരിൽ ഇരുടീമുകൾക്കും ഇത് ജീവൻമരണ പോരാട്ടമാണ്.
തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോറ്റ് പ്രതിരോധത്തിലാണ് ലക്നൗ. നിർണായക മത്സരത്തിൽ ക്യാപ്റ്റൻ റിഷഭ് പന്ത് ഫോം വീണ്ടെടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 27 കോടിയ്ക്ക് ലക്നൗവിലെത്തിയ പന്തിന് 10 മത്സരങ്ങളിൽ നിന്ന് ആകെ 110 റൺസ് മാത്രം നേടാനെ സാധിച്ചിട്ടുള്ളൂ. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ 63 റൺസ് മാത്രമാണ് ടീമിന് ആശ്വസിക്കാൻ വക നൽകിയ പന്തിന്റെ ഏക പ്രകടനം.
അതേസമയം, അവസാന മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്ന് ഇറങ്ങുന്നതെങ്കിൽ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയാണ് ലക്നൗ എത്തുന്നത്. 10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള പഞ്ചാബ് ലീഗിൽ നാലാം സ്ഥാനത്താണ്. 10 പോയിന്റുള്ള ലക്നൗ ആറാമതും. ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. സാധാരണയായി പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലേത്. ചെറിയ ബൗണ്ടറികൾ ബാറ്റര്‍മാര്‍ക്കും ഗുണകരമാകും. 170-180 റൺസാണ് ഈ ഗ്രൗണ്ടിൽ പ്രതീക്ഷിക്കാവുന്ന ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോര്‍.


