ഐപിഎൽ 2026 സീസണില്‍ ടീമിന്‍റെ അവസാന ലീഗ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ചെന്നൈക്ക് ജയം അനിവാര്യമാണ്, എന്നാൽ പരിക്കേറ്റ എം എസ് ധോണി കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
അഹമ്മദാബാദ്: ഐപിഎൽ 2026 സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് സീസണിലെ അവസാന ലീഗ് മത്സരം. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇന്ന് ജയിച്ചാല്‍ സിഎസ്‌കെയ്‌ക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ നിലനിര്‍ത്താം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം എം എസ് ധോണി ഇന്നെങ്കിലും കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ വിരലിന് പരിക്കേറ്റ ധോണി റാഞ്ചിയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ സൂപ്പർ കിംഗ്‌സ് പുറത്താകുമോ?
പുറത്താകലിന്‍റെ വക്കിലാണ് മുമ്പ് അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യൻമാരായിട്ടുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ്. പ്ലേ ഓഫ് ഉറപ്പിച്ച ശുഭ്‌മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യമിടുന്നത് ഒന്നാം ക്വാളിഫയറിലെ സ്ഥാനം. പോയിന്‍റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവരോട് മത്സരിക്കുന്ന ഗുജറാത്തിന് ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. കാരണം, ഒന്നാം ക്വാളിഫയറിന് യോഗ്യത നേടുന്ന ടീമുകൾക്ക് ഫൈനലിൽ എത്താൻ രണ്ട് അവസരമുണ്ട്. ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാവും ചെന്നൈയുടെ നേരിയ സാധ്യത. ചെന്നൈ പ്ലേ ഓഫിലെത്തിയാല്‍ ധോണി സ്‌ക്വാഡിനൊപ്പം വീണ്ടും ചേരുമെന്ന് സൂചനകളുണ്ട്.
ഇരു ടീമുകളുടെയും കരുത്തുകള്‍
ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ ത്രയത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റൺസ് പ്രതീക്ഷകള്‍. ബൗളിംഗ് നിരയെ നയിക്കാൻ കാഗിസോ റബാഡയും മുഹമ്മദ് സിറാജും റാഷിദ് ഖാനുമുണ്ട്. ചെപ്പോക്കിലെ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ചെന്നൈയ്ക്ക് സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും നല്ല തുടക്കം നൽകേണ്ടത് അനിവാര്യമാണ്. ഇരുവരും പവർപ്ലേയിൽ തകർത്തടിച്ചാൽ പിന്നാലെ ഇറങ്ങുന്ന കാർത്തിക് ശർമ്മയ്ക്കും ഉര്‍വിൽ പട്ടേലിനും ഡെവാൾഡ് ബ്രെവിസിനും ശിവം ദുബേയ്ക്കും കാര്യങ്ങൾ എളുപ്പമാവും. അൻഷുൽ കംബോജ്, നൂർ അഹമ്മദ്, അകീൽ ഹൊസെയ്ൻ എന്നിവരുടെ ഓവറുകൾ കളിയുടെ ഗതി നിശ്ചയിക്കും. ഇരുടീമും മുമ്പ് ഏറ്റുമുട്ടിയത് ഒൻപത് കളിയിലെങ്കില്‍ ഗുജറാത്ത് അഞ്ചിലും ചെന്നൈ നാലിലും വിജയിച്ചു.



