ഗുജറാത്തിനെതിരെ അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ 13 മത്സരങ്ങളില്‍ 511 റണ്‍സുമായി വിരാട് കോലിയെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറി.

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറിയുമായി മിന്നിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരം മിച്ചല്‍ മാര്‍ഷ് നാലാം സ്ഥാനത്തേക്ക് അടിച്ചുകയറി.ഗുജറാത്തിനെതിരെ 64 പന്തില്‍ 117 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷ് എട്ട് സിക്സും പത്ത് ഫോറും പറത്തിയിരുന്നു. 12 കളികളില്‍ 560 റണ്‍സുമായാണ് മിച്ചല്‍ മാര്‍ഷ് നാലാം സ്ഥാനത്തേക്ക് കയറിയത്. മിച്ചല്‍ മാര്‍ഷ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ യശസ്വി ജയ്സ്വാള്‍(559) റണ്‍സുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു.

ഗുജറാത്തിനെതിരെ അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ 13 മത്സരങ്ങളില്‍ 511 റണ്‍സുമായി വിരാട് കോലിയെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറി.ലക്നൗവിനെതിരെ 21 റണ്‍സെടുത്ത് പുറത്തായ സായ് സുദര്‍ന്‍ 13 മത്സരങ്ങളില്‍ 638 റണ്‍സുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ലക്നൗവ്നെതിരെ 35 റണ്‍സെടുത്ത ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 636 റണ്‍സുമായി തൊട്ടുപിന്നിലുണ്ട്.

നിക്കോളാസ് പുരാനും മിച്ചല് മാര്‍ഷും അടിച്ചു കയറിയതോടെ വിരാട് കോലി ടോപ് ഫൈവില്‍ നിന്ന് പുറത്തായി.11 കളികളില്‍ 505 റണ്‍സെടുത്ത കോലി റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ റണ്‍വേട്ടയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ കോലിക്ക് വസരമുണ്ട്.

ഇന്നലെ ലക്നൗവിനെതിരെ 33 റണ്‍സെടുത്ത് പുറത്തായ ഗുജറാത്ത് താരം ജോസ് ബട്‌ലര്‍ 533 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തെത്തിയപ്പോള്‍ കെ എല്‍ രാഹുല്‍(504) ഒമ്പതാമതും പ്രഭ്‌സിമ്രാൻ സിംഗ്(458) പത്താമതുമാണ്. ഏയ്ഡന്‍ മാര്‍ക്രം(445), ശ്രേയസ് അയ്യര്‍(435), റിയാന്‍ പരാഗ്(393), അജിങ്ക്യാ രഹാനെ(375), അഭിഷേക് ശര്‍മ(373) എന്നിവരാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 15ലുള്ളത്.