പോയിന്റ് പങ്കിടേണ്ടി വന്നതോടെ ഐപിഎല്ലില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നാമത് തുടരുന്നു.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം മഴ മുടക്കിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ഡല്‍ഹിയുടെ ഇന്നിംഗ്സ് 134 റണ്‍സിന് അവസാനിച്ചിരുന്നു. പിന്നാലെ മഴയെത്തി. ഹൈദരാബാദിന് ബാറ്റിംഗനെത്താന്‍ പോലും സാധിച്ചില്ല. ഇതോടെ പോയിന്റ് പങ്കിടേണ്ടി വന്നു. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി. 11 മത്സരങ്ങളില്‍ 13 പോയിന്റാണ് അവര്‍ക്ക്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ഡല്‍ഹിക്ക് ഇനി ജീവന്മരണ പോരാട്ടങ്ങളാണ്. മിന്നും ഫോമിലുള്ള പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളുമായാണ് മത്സരങ്ങളുള്ളത്. 

ഡല്‍ഹിയുടെ നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ അത്ര എളുപ്പമാകില്ല. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാന്‍ സാധിച്ചത്. ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ഇന്നലത്തെ മത്സരം. എന്നാല്‍ പോയിന്റ് പങ്കിടേണ്ടി വന്നതോടെ ഐപിഎല്ലില്‍ നിന്ന് പുറത്താവുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്. 11 മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് ഹൈദരാബാദിന്. മൂന്ന് ജയവും ഏഴ് തോല്‍വിയും. ഒരു മത്സരം മഴയുമെടുത്തു. നിലവില്‍ എട്ടാം സ്ഥാനത്താണ് അവര്‍. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേരത്തെ പുറത്തായിരുന്നു.

11 മത്സരങ്ങളില്‍ 16 പോയിന്റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒന്നാമത് തുടരുന്നു. എട്ട് ജയവും മൂന്ന് തോല്‍വിയും. പിന്നില്‍ പഞ്ചാബ് കിംഗ്‌സ്. 11 മത്സരങ്ങളില്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 15 പോയിന്റാണുള്ളത്. മുംബൈ ഇന്ത്യന്‍സാണ് മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 14 പോയിന്റാണ് മുംബൈക്ക്. 10 മത്സരങ്ങളില്‍ 14 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് നാലാം സ്ഥാനത്ത്. ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ വരുന്നുണ്ട്. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഒന്നാമതെത്താം. തുടര്‍ച്ചയായ ഏഴാം ജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാമ് ആറാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 11 പോയിന്റുണ്ട് അവര്‍ക്ക്. അഞ്ച് വീതം ജയവും തോല്‍വിയും. ഒരു മത്സരം മഴയെടുത്തു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഏഴാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ 10 പോയിന്റാണ് ലക്‌നൗവിന്. ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലാണ്.