അവസാന രണ്ട് കളികളും ഹോം മത്സരങ്ങളാണെന്ന ആനുകൂല്യവും അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ ആണ് എതിരാളികളെന്നതും ഗുജറാത്തിന്‍റെ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നു.

മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ശനിയാഴ്ച വീണ്ടും തുടക്കമാകുമ്പോള്‍ പ്ലേ ഓഫ് ബര്‍ത്തിനായുള്ള കടുത്ത പോരാട്ടങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. പ്ലേ ഓഫ് ബര്‍ത്തിന് ഒരു ജയകമകലെയാണ് ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും. ഇരു ടീമുകള്‍ക്കും മൂന്ന് മത്സരങ്ങള്‍ ബാക്കിയിരിക്കെ 16 പോയന്‍റ് വീതമുണ്ട്. അടുത്ത മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ ആര്‍സിബിക്കും ഗുജറാത്തിനും പ്ലേ ഓഫിലെത്താം. ഒന്നാം സ്ഥാനത്തുളള ഗുജറാത്തിന് അവസാന മൂന്ന് കളികളില്‍ 18ന് എവേ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും 22ന് ഹോം മത്സരത്തില്‍ ലക്നൗവും 25ന് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുമാണ് എതിരാളികള്‍.

അവസാന രണ്ട് കളികളും ഹോം മത്സരങ്ങളാണെന്ന ആനുകൂല്യവും അവസാന മത്സരത്തില്‍ പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ ആണ് എതിരാളികളെന്നതും ഗുജറാത്തിന്‍റെ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്കാകട്ടെ മെയ് 17ന് ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയെയും 23ന് ഹൈദരാബാദിനെയും 27ന് എവേ മത്സരത്തില്‍ ലക്നൗവിനെയുമാണ് ഇനി ആർസിബിക്ക് നേരിടാനുള്ളത്. ഇതില്‍ ഒരു കളി ജയിച്ചാല്‍പോലും ആര്‍സിബി പ്ലേ ഓഫിലെത്തും.

11 കളികളില്‍ 15 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിനും മൂന്ന് കളികള്‍ ബാക്കിയുണ്ട്. 18ന് രാജസ്ഥാന്‍ റോയല്‍സിനെയും 24ന് ഡല്‍ഹിയെയും 26ന് മുംബൈയെയുമാണ് പഞ്ചാബിന് നേരിടാനുള്ളത്. ഇതില്‍ ഒരു കളി ജയിച്ചാല്‍ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കാമെങ്കിലും രണ്ട് കളികള്‍ ജയിച്ചാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാനുള്ള അവസരം ഉണ്ട്. അവശേഷിക്കുന്ന മൂന്നില്‍ രണ്ട് കളി ജയിച്ചാല്‍ പഞ്ചാബ് പ്ലേ ഓഫിലെത്തും. ഒപ്പം ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടാനും അവസരമൊരുങ്ങും.

12 കളികളില്‍ 14 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജീവന്‍മരണ പോരാട്ടങ്ങളാണ്. 21ന് പ്ലേ ഓഫ് പ്രതീക്ഷയുള്ള ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ അടുത്ത മത്സരം. 26ന് അവസാന മത്സരത്തില്‍ പഞ്ചാബിനെയും നേരിടണം. ഈ രണ്ട് കളികളിലൊന്ന് ജയിച്ചാല്‍ 16 പോയന്‍റാവുമെങ്കിലും പ്ലേ ഓഫ് ഉറപ്പില്ലാത്തതിനാല്‍ രണ്ട് മത്സരങ്ങളും ജയിച്ച് 18 പോയന്‍റോടെ പ്ലേ ഓഫിലെത്താനാവും മുംബൈ ശ്രമിക്കുക.

11 കളികളില്‍ 13 പോയന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്കാകട്ടെ അവസാന മൂന്ന് കളികളും ജയിച്ചാല്‍ 19 പോയന്‍റുമായി പ്ലേ ഓഫ് ഉറപ്പിക്കാം. 18ന് ഗുജറാത്തിനെയും 21ന് മുംബൈയെയും 24ന് പഞ്ചാബിനെയുമാണ് നേരിടേണ്ടത് എന്നതിനാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മൂന്നില്‍ രണ്ട് കളികളെങ്കിലും ജയിച്ച് പ്ലേ ഓഫിലെത്താനാവും ഡല്‍ഹി ശ്രമിക്കുക.

12 കളികളില്‍ 11 പോയന്‍റുള്ള നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തക്ക് അവസാന രണ്ട് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ലെന്ന് മാത്രമല്ല മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കുകയും വേണം. രണ്ട് മത്സരങ്ങളും എവേ മത്സരങ്ങളാണ്. 17ന് ആര്‍സിബിയെയും 25ന് ഹൈദരാബാദിനെയുമാണ് കൊല്‍ക്കത്തക്ക് നേരിടേണ്ടത്. 11 കളികളില്‍ 10 പോയന്‍റുമായി ഏഴാം സ്ഥാനത്തുള്ള ലക്നൗവിനാകട്ടെ അവസാന മൂന്ന് കളികളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. 19ന് ഹൈദരാബാദിനെയും 22ന് ഗുജറാത്തിനെയും 27ന് ആര്‍സിബെയയുമാണ് ലക്നൗവിന് നേരിടേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക