ആത്മാർഥമായി പരിശ്രമിച്ചാല്‍ വാർഷിക കരാർ തിരികെ ലഭിക്കാന്‍ ശ്രേയസിനും ഇഷാനും മുന്നില്‍ ഒരു വഴിയുണ്ട്

മുംബൈ: ബിസിസിഐ നിർദേശം മറികടന്ന് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മുങ്ങിയ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ എന്നിവരുടെ വാർഷിക കരാർ ബോർഡ് പുതുക്കിയിരുന്നില്ല. ഇതോടെ ദേശീയ ടീമിലെ ഇരുവരുടെയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു. മൂന്ന് ഫോർമാറ്റിലേക്കും ഇരുവരെയും എളുപ്പം പരിഗണിക്കാനുള്ള സാധ്യതകള്‍ മങ്ങി. ഇനി ദേശീയ ടീമിലേക്ക് ഇരുവർക്കും മടങ്ങിവരിക അത്ര എളുപ്പവുമല്ല. എന്നാല്‍ ആത്മാർഥമായി പരിശ്രമിച്ചാല്‍ വാർഷിക കരാർ തിരികെ ലഭിക്കാന്‍ ശ്രേയസിനും ഇഷാനും മുന്നില്‍ ഒരു വഴിയുണ്ട് എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

ഈ വർഷം ട്വന്‍റി 20 ലോകകപ്പ് നടക്കാനിരിക്കേ മനസ് വച്ചാല്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യർക്കും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താവുന്നതേയുള്ളൂ. 'സെലക്ടർമാർക്ക് ഇവരുടെ കഴിവില്‍ തെല്ലും സംശയമില്ല. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി ഫിറ്റാണ് എന്ന് പറയുന്ന താരങ്ങള്‍ ടീം സെലക്ഷന് ലഭ്യമല്ലാതായാല്‍ ബിസിസിഐ എങ്ങനെയാണ് അവർക്ക് കരാർ നല്‍കുക. ഐപിഎല്ലിന് ശേഷം ആവശ്യത്തിന് മത്സരങ്ങള്‍ കളിച്ച് യോഗ്യത കൈവരിച്ചാല്‍ ശ്രേയസിനും ഇഷാനും കരാർ തിരികെ ലഭിക്കും' എന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎല്‍ 2024ലെ പ്രകടനം ഇഷാനും ശ്രേയസിനും നിർണായകമായി.

പുതിയ കരാർ വിവരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും എന്തുകൊണ്ട് ഒഴിവാക്കി എന്ന വിശദീകരണം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ രഞ്ജി ട്രോഫി കളിക്കണമെന്ന നിർദേശം ലംഘിച്ചതാണ് ഇരുവർക്കും തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണം പറഞ്ഞ് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ദേശീയ ടീം സെലക്ഷന് തന്‍റെ പേര് നല്‍കിയില്ല. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് കളികള്‍ക്ക് ശേഷം ശ്രേയസ് അയ്യർ പരിക്ക് എന്ന വ്യാജ അവകാശവാദം ഉന്നയിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന ശേഷം ഇഷാന്‍ ജാർഖണ്ഡിനായും ശ്രേയസ് മുംബൈക്കായും രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്നത് ബിസിസിഐയെ ചൊടിപ്പിച്ചു.

Read more: 'ഇങ്ങനെ വിക്കറ്റ് വലിച്ചെറിയാന്‍ ഉളുപ്പില്ലേ'; ഒത്തുകളി ആരോപണം! ക്രിക്കറ്റ് വീഡിയോകള്‍ പങ്കുവെച്ച് സൂപ്പർ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം