ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. നാള അവസാന ദിനം തോല്‍വി ഒഴിവാക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ജയമുറപ്പിച്ച് ഓസ്ട്രേലിയ. 183 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്. 142 റണ്‍സോടെ ജേക്കബ് ബെഥേലും റണ്ണൊന്നുമെടുക്കാതെ മാത്യു പോട്ടും ക്രീസില്‍. ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. നാള അവസാന ദിനം തോല്‍വി ഒഴിവാക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. 219-3 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ കൂടി നഷ്ടമാക്കി തകര്‍ന്നടിഞ്ഞത്.

183 റണ്‍സിന്‍റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ ഓപ്പണര്‍ സാക് ക്രോളിയെ(1) നഷ്ടമായിരുന്നു. എന്നാല്‍ ബെഥേലും ബെന്‍ ഡക്കറ്റും(42) ചേര്‍ന്ന് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. ഡക്കറ്റ് പുറത്തായതിന് പിന്നാലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ജോ റൂട്ടും(6) ബോളണ്ടിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങിയെങ്കിലും ഹാരി ബ്രൂക്കും ബെഥേലും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു.

ഇരവരും ഇംഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ബ്യൂ വെബ്സ്റ്റര്‍ ഹാരി ബ്രൂക്കിനെ(42) വിക്കറ്റിന് മുന്നില്‍ കുടുക്കുന്നത്. പിന്നീട് ക്രീസിലെത്തിയ വില്‍ ജാക്സ്(0) കൂറ്റനടിക്ക് ശ്രമിച്ച് അതേ ഓവറില്‍ മടങ്ങി. ജാമി സ്മിത്തും ബെഥേലും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റിയെങ്കിലും സ്മിത്ത്(26) റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നു. സ്മിത്തിന് പിന്നാസെ ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ(1) വെബ്സറ്ററുടെ പന്തില്‍ സ്ലിപ്പില്‍ സ്മിത്ത് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി.

ബ്രെയ്ഡന്‍ കാര്‍സ്(16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്കോട് ബോളണ്ട് മടക്കി. ഓസീസിനായി ബ്യൂ വെബ്‌സ്റ്റര്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റും വീഴ്ത്തി. നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 567 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 138 റണ്‍സടിച്ചപ്പോള്‍ ബ്യൂ വെബ്സ്റ്റര്‍ 71 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങും ബ്രെയ്ഡന്‍ കാര്‍സും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക