മാര്‍ക് വോയുടെ പ്രവചനം അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്ത ദശകത്തില്‍ മഹാന്‍മാരായ താരങ്ങളാവാന്‍ സാധ്യതയുള്ളത് മൂന്ന് താരങ്ങളാണ്.
സിഡ്നി: ഫാബ് ഫോറായ ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, വിരാട് കോലി യുഗത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സജീവമാണ്. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കും ന്യൂസിലന്‍ഡിന്‍റെ രച്ചിന്‍ രവീന്ദ്രയും ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളുമാകും അടുത്ത ഫാബ് ഫോറെന്ന് പലരും പ്രപചിച്ചുകഴിഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്ത ചാമ്പ്യൻ ബാറ്ററാകാന്‍ പോകുന്ന കളിക്കാരില്‍ ഇന്ത്യൻ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ ഇല്ലെന്നാണ് മുന്‍ ഓസീസ് താരം മാര്‍ക് വോ പ്രവചിക്കുന്നത്.
മാര്‍ക് വോയുടെ പ്രവചനം അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അടുത്ത ദശകത്തില്‍ മഹാന്‍മാരായ താരങ്ങളാവാന്‍ സാധ്യതയുള്ളത് മൂന്ന് താരങ്ങളാണ്. ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കും, ന്യൂസിലന്‍ഡിന്‍റെ രച്ചിന്‍ രവീന്ദ്രയും ഇന്ത്യയുടെ യശസ്വി ജയ്സ്വാളും.എന്നാല്‍ ഇവരില്‍ ഏറ്റവും മികച്ച താരം ഇന്ത്യയുടെ യശസ്വി ജയ്സ്വാളാണെന്ന് മാര്‍ക് വോ പറഞ്ഞു. ബ്രൂക്കും രച്ചിന്‍ രവീന്ദ്രയുമുണ്ടെങ്കിലും തന്‍റെ ചോയ്സ് ജയ്സ്വാളാണെന്ന് മാര്‍ക് വോ കയോ സ്പോര്‍ട്സിന്‍റെ ചര്‍ച്ചയില്‍ പറഞ്ഞു. ടെസ്റ്റില്‍ ഇപ്പോള്‍ തന്നെ ഡബിള്‍ സെഞ്ചുറി നേടിയ 24കാരനായ ജയ്സ്വാള്‍ 50ന് മുകളി ബാറ്റിംഗ് ശരാശരി നിലനിര്‍ത്തുന്നു.അവനില്‍ എന്തോ പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെ ഈ എലൈറ്റ് ഗ്രൂപ്പിലെ അടുത്ത ചാംപ്യൻ ബാറ്റര്‍ ജയ്സ്വാളാകും. അസാമാന്യ മികവുള്ള കളിക്കാരനാണ് ജയ്സ്വാളെന്നും വോ പറഞ്ഞു.
മൂന്ന് വര്‍ഷം നീണ്ട കരിയറില്‍ ഇതുവരെ കളിച്ച 28 ടെസ്റ്റില്‍ നിന്ന് 2511 റണ്‍സാണ് ജസ്സ്വാള്‍ അടിച്ചെടുത്തത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമെല്ലാം സെഞ്ചുറി നേടിയ ജയ്സ്വാള്‍ ഇതുവരെ നേടിയ ഏഴ് സെഞ്ചുറികളില്‍ രണ്ടെണ്ണം ഡബിള്‍ സെഞ്ചുറിയായിരുന്നു. എന്നാല്‍ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിനിടെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ഹാരി ബ്രൂക്കിനെയാണ് അടുത്ത ചാമ്പ്യന്‍ ബാറ്ററായി തെരഞ്ഞെടുത്തത്. 34 ടെസ്റ്റില്‍ നിന്ന് 3052 റണ്‍സ് നേടിയിട്ടുള്ള 26കാരനായ ബ്രൂക്ക് ആയിരിക്കും ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി ഭരിക്കാന്‍ പോകുന്നതെന്ന് വോണ്‍ പറഞ്ഞു.


