പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു.

ബ്രിസ്ബേൻ: ഓസ്ട്രേലിയയില്‍ സെഞ്ചുറിയില്ലെന്ന നാണക്കേട് മായ്ച്ച് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജോ റൂട്ടിന്‍റെ ബാറ്റിംഗ് മികവില്‍ ഓസട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ്. 135 റൺസെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറും ക്രീസില്‍. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 44 പന്തിൽ 64 റണ്‍സെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ സാക് ക്രോളി 76 റണ്‍സടിച്ചപ്പോള്‍ ഹാരി ബ്രൂക്ക് 31 റണ്‍സെടുത്തു. ഓസീസിനായി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി.

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തന്നെ റൂട്ട് ഓസീസ് മണ്ണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. 182 പന്തിലാണ് റൂട്ട് മൂന്നക്കം തൊട്ടത്. ഓസീസ് മണ്ണിലെ 30ാം ഇന്നിംഗ്സിലാണ് റൂട്ടിന്‍റെ ആദ്യ സെഞ്ചുറി പിറന്നത്. കരിയറിലെ നാല്‍പതാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയ റൂട്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 51 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിന് ഒരുപടി കൂടി അടുത്തു.

റൂട്ട് ഇത്തവണ ഓസ്ട്രേലിയയില്‍ സെഞ്ചുറി അടിച്ചില്ലെങ്കില്‍ താന്‍ മെല്‍ബണ്‍ ഗ്രൗണ്ടിലൂടെ നഗ്നനായി ഓടുമെന്ന് മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 54-ാം വയസില്‍ ജയിലില്‍ കിടക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ താന്‍ ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് റൂട്ട് ഓസ്ട്രേലിയയിലെ ആദ്യ സെ‍ഞ്ചുറി സ്വന്തമാക്കിയത്.

159 ടെസ്റ്റില്‍ 39 സെഞ്ചുറികള്‍ നേടിയിരുന്ന റൂട്ടിന് ഇതിന് മുമ്പ് ഓസ്ട്രേലിയയില്‍ ഒറ്റ സെഞ്ചുറി പോലും നേടാനായിരുന്നില്ല. ഓസ്ട്രേലിയയില്‍ ഒമ്പത് അര്‍ധസെഞ്ചുറികള്‍ നേടിയിരുന്ന റൂട്ടിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 89 റണ്‍സായിരുന്നു. അതാണ് ഇന്ന് ബ്രിസ്ബേനില്‍ തിരുത്തിയെഴുതിയത്.

2021ൽ 18 ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം പേരിലുണ്ടായിരുന്ന റൂട്ട് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 21 സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ 13664 റണ്‍സെടുത്തിട്ടുള്ള റൂട്ട് ടെസ്റ്റ് റണ്‍വേട്ടയില്‍ 15921 റണ്‍സുമായി ഒന്നാമനായ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നുത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക