2016 സീസണില്‍ 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. 2018ല്‍ 735 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കോലിക്ക് പിന്നിലുള്ളത്. 17 ഇന്നിംഗ്‌സില്‍ 52.50 ശരാശരിയിലാണ് വില്യംസണ്‍ ഇത്രയും റണ്‍സെടുത്തത്

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) മികച്ച തുടക്കം നല്‍കിയാണ് ജോസ് ബട്‌ലര്‍ (Jos Buttler) മടങ്ങിയത്. 16 പന്തുകള്‍ മാത്രം നേരിട്ട താരം ഒരു സിക്‌സിന്റേയും അഞ്ച് ബൗണ്ടറികളുടേയും സഹായത്തോടെ 30 റണ്‍സ് നേടി. കഗിസോ റബാദയുടെ പന്തില്‍ ഭാനുക രജപക്‌സയ്ക്ക് ക്യാച്ച് നല്‍കിയാണ് ബ്ടലര്‍ മടങ്ങുന്നത്. പുറത്തായ ഓവറില്‍ 20 റണ്‍സ് ബട്‌ലര്‍ നേടിയിരുന്നു.

ഇതിനിടെ ഒരു റെക്കോര്‍ഡും ബട്‌ലര്‍ സ്വന്തമാക്കി. ഇതുവരെ 11 ഇന്നിംഗ്‌സുകളില്‍ നിന്ന് 612 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇത്രയും റണ്‍സിലെത്താനുണ്ടായ വേഗം റെക്കോര്‍ഡാണ്. ഇക്കാര്യത്തില്‍ ഷോണ്‍ മാര്‍ഷ് (2008), ക്രിസ് ഗെയ്ല്‍ (2011), വിരാട് കോലി (2016), ഡേവിഡ് വാര്‍ണര്‍ (2019) എന്നിവര്‍ക്കൊപ്പമാണ് ബട്‌ലറും. ഇവര്‍ നാല് പേരും 11-ാം ഇന്നിംഗ്‌സിലാണ് 612 റണ്‍സ് അടിച്ചെടുത്തത്.

അതേസമയം കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശേഷി ബട്‌ലര്‍ക്കുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. ''ഫോമിലുള്ള ബട്ലറെ തടയുക ബുദ്ധിമുട്ടാകും. പിച്ചുകള്‍ സാവധാനമാകുന്നതോടെ ബട്ലര്‍ സ്പിന്നര്‍മാരെ എങ്ങനെ കളിക്കും എന്നത് ആകാംക്ഷയാണ്. വിക്കറ്റ് മികച്ചതായി തുടര്‍ന്നാല്‍ ബട്ലര്‍ക്ക് റെക്കോര്‍ഡ് തകര്‍ക്കാം. രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ വരെ കളിച്ചാല്‍ കോലിയെ ബട്ലര്‍ മറികടക്കും.'' ഹര്‍ഭജന്‍ പറഞ്ഞു. 

2016 സീസണില്‍ 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. 2018ല്‍ 735 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കോലിക്ക് പിന്നിലുള്ളത്. 17 ഇന്നിംഗ്‌സില്‍ 52.50 ശരാശരിയിലാണ് വില്യംസണ്‍ ഇത്രയും റണ്‍സെടുത്തത്. 2013ല്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മൈക്കല്‍ ഹസി 733 റണ്‍സ് നേടിയിരുന്നു.

അതേസമയം പഞ്ചാബ്- രാജസ്ഥാന്‍ മത്സരം ആവേശകരായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. ജോണി ബെയര്‍സ്‌റ്റോ (40 പന്തില്‍ 56), ജിതേഷ് ശര്‍മ (18 പന്തില്‍ പുറത്താവാതെ 38) എന്നിവരാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ രണ്ടിന് 140 എന്ന നിലയിലാണ് രാജസ്ഥാന്‍. യശസ്വി ജയ്‌സ്വാള്‍ (68), ദേവ്ദത്ത് പടിക്കല്‍ (15) എന്നിവരാണ് ക്രീസില്‍. ജോസ് ബട്‌ലര്‍ക്ക് പുറമെ സഞ്ജു സാംസണ്‍ (12 പന്തില്‍ 23) പുറത്തായി.